കേരളം

kerala

ETV Bharat / state

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ജാമ്യമില്ല

ജാമ്യ ഹർജിയിൽ കാസർകോട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വിശദമായ വാദങ്ങള്‍ കേട്ട ശേഷമാണ് കോടതി ഉത്തരവ് ഇറക്കിയത്

പ്രതിക്ക് ജാമ്യമില്ല
നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ജാമ്യമില്ല

By

Published : Nov 23, 2020, 9:20 PM IST

Updated : Nov 23, 2020, 11:41 PM IST

കാസർകോട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലക്ക് മുന്‍കൂര്‍ ജാമ്യമില്ല. കാസർകോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വിശദമായ വാദങ്ങള്‍ കേട്ട ശേഷമാണ് കോടതി ഉത്തരവ് ഇറക്കിയത്.

ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച്ച പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദപ്രതിവാദങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല. ഇതേ തുടര്‍ന്നാണ് തിങ്കളാഴ്ചയും വാദം നടന്നത്. നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പ്രദീപ് കോട്ടത്തലക്കെതിരെ പൊലീസ് കേസെടുത്തത്. നടന്‍ ദീലീപിനെതിരെ നല്‍കിയ മൊഴി തിരുത്തണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപിനെതിരായ പരാതി. പ്രദീപിന്‍റെ ജാമ്യാപേക്ഷ പരിഗണനക്കുവന്നപ്പോള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്.

സാക്ഷിയായ ആളെ പ്രദീപ് നേരിട്ട് കണ്ടിട്ടില്ലെന്ന് വാദം ഉയർത്തിയപ്പോൾ വിവിധ ഉദാഹരണങ്ങൾ ചൂണ്ടി കാട്ടി മറ്റു മാർഗങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. പ്രദീപ് കുമാര്‍ വിപിന്‍ ലാലിന്‍റെ അമ്മാവനെ കണ്ടെന്നു പറയുന്നത് ഈ വര്‍ഷം ജനുവരി 24നാണെന്നും നാലുദിവസം കഴിഞ്ഞ് ഫോണില്‍ ഭീഷണിപ്പെടുത്തിയതെന്നുമാണ് ആരോപണമെന്നും ഇതുകഴിഞ്ഞ് എട്ടുമാസത്തിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും ഇതില്‍ ഗൂഡാലോചനയുണ്ടെന്നുമാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ പ്രദീപ് വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സി.ഐ എ. അനില്‍കുമാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഭീഷണിക്ക് ഉപയോഗിച്ച ഫോണിന്‍റെ സിംകാര്‍ഡ് കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ അന്വേഷണം നടത്തിയതോടെ ഇത് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണെന്ന് വ്യക്തമായിരുന്നു. ഭീഷണിക്കത്ത് പോസ്റ്റ് ചെയ്ത ആലുവ, എറണാകുളം തപാല്‍ ഓഫീസുകളിലെത്തിയും പൊലീസ് തെളിവുകള്‍ ശേഖരിച്ചിരുന്നു. കോടതി നിര്‍ദേശപ്രകാരം ഹാജരായ പ്രദീപിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Last Updated : Nov 23, 2020, 11:41 PM IST

ABOUT THE AUTHOR

...view details