കാസർകോട്: ലോക്ക് ഡൗൺ ഇളവുകളോടെ തൊഴിൽ മേഖലകൾ സജീവമായെങ്കിലും റിവേഴ്സ് ഗിയറിലാണ് ഡ്രൈവിങ് സ്കൂളുകളുടെ ഓട്ടം. മാർച്ച് മാസം മുതൽ ഡ്രൈവിങ് സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങൾക്ക് കേടുപാടുകൾ വന്നതിനൊപ്പം സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. സ്കൂളുകളുടെ ഗണത്തിൽ പെടുന്നതാണ് ഈ മേഖലക്ക് തിരിച്ചടിയായത്.
റിവേഴ്സ് ഗിയറിലായി ഡ്രൈവിങ് സ്കൂളുകൾ - car bus
സ്കൂളുകളുടെ ഗണത്തിൽ പെടുന്നതാണ് ഈ മേഖലക്ക് തിരിച്ചടിയായത്
ജില്ലയിലാകെ 123 അംഗീകൃത ഡ്രൈവിങ് സ്കൂളുകളിലായി 300 ലധികം ആളുകളാണ് തൊഴിലെടുക്കുന്നത്. മറ്റ് തൊഴിൽ വൈദഗ്ധ്യം ഇല്ലാത്തതിനാൽ സാമ്പത്തിക പ്രയാസമാണ് ജീവനക്കാരെ അലട്ടുന്നത്. ലേണിങ് ടെസ്റ്റ് മാത്രമാണ് ഇപ്പോൾ പുനരാരംഭിച്ചത്. ഡ്രൈവിങ് പരിശീലനം കൂടി ആരംഭിക്കാതെ ഈ മേഖലയിലുള്ളവർക്ക് ദുരിതത്തിൽ നിന്നും കയറുക അസാധ്യമാണ്.
മാസങ്ങളായി വാഹനങ്ങൾ നിർത്തിയിടേണ്ടി വന്നതിനാൽ വാഹനങ്ങളുടെ പ്രവർത്തനക്ഷമതയെയും ബാധിച്ചിട്ടുണ്ട്. ചെറുവാഹനങ്ങൾ ഉടമകൾക്ക് വീട്ടിലേക്ക് മാറ്റാമെങ്കിലും ഹെവി ലൈസൻസിനുള്ള ബസ്, ലോറി തുടങ്ങിയവ ടെസ്റ്റിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരിക്കുകയാണ്. ഡീസൽ വാഹനങ്ങൾ ഇനി ഓടിക്കാൻ മെക്കാനിക്കൽ ജോലികൾ കൂടി ചെയ്യേണ്ട സ്ഥിതിയിലാണ് ഉടമകൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു സമയം ഒരാൾക്ക് മാത്രം പരിശീലനം നൽകാമെന്നും ആളുകൾ മാറുന്നതിനനുസരിച്ച് വാഹനത്തിൽ അണു നശീകരണം നടത്താമെന്നും ഡ്രൈവിങ് സ്കൂൾ ഉടമകൾ പറയുന്നു.