കാസര്‍കോട്:ജില്ലയിലെ 88 ശതമാനം കൊവിഡ് ബാധിതരും രോഗമുക്തരായി. 20 പേർ മാത്രമാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇന്നലെ ആറ് പേർ രോഗ മുക്തരായി ആശുപത്രി വിട്ടു. പുതിയതായി ഇന്നലെ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഉക്കിനടുക്ക മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയിൽ നിന്ന് നാല് പേരും ജില്ലാ ആശുപത്രിയിൽ നിന്ന് രണ്ടു പേരുമാണ് വീടുകളിലേക്ക് മടങ്ങിയത്.
സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച കാസര്‍കോട് ജനറൽ ആശുപത്രിയിൽ ഇനി നാല് പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇവർ കൂടി രോഗമുക്തരായാൽ ജനറൽ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലേക്ക് മാറും. അതേസമയം ജില്ലയിൽ ആശുപത്രികളിലും വീടുകളിലുമായി ആകെ 3126 പേർ നിരീക്ഷണത്തിൽ കഴിയുമ്പോൾ 625 പേർ നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചു. തുടർ പരിശോധനകൾ ഉൾപ്പെടെ 3503 സാമ്പിളുകളാണ് ആകെ അയച്ചത്. ഇനി 488 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്നലെ പുതിയതായി 2 പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളായ ആറ് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ലോക്ക് ഡൗണ്‍ നിബന്ധനകള്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത പഞ്ചായത്തുകളില്‍ കൃഷി, നിര്‍മാണ പ്രവൃത്തികള്‍, ശുചീകരണം തുടങ്ങിയവ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പുനഃരാരംഭിക്കാന്‍ തീരുമാനിച്ചു. മഴക്കാലപൂര്‍വ നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടങ്ങാം.
ഹോട്ട്‌സ്‌പോട്ടിന് പുറത്തുള്ള പ്രദേശങ്ങളില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ തുടരാം. പരമാവധി അഞ്ചു പേരുള്ള സംഘങ്ങളായി ആകെയുള്ളവരില്‍ 33 ശതമാനം പേര്‍ക്ക് തൊഴിലെടുക്കാം. തൊഴിലാളികള്‍ മാസ്‌കും കയ്യുറകളും ധരിച്ച് ഒരു മീറ്റര്‍ ശാരീരിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത മേഖലയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സിമന്‍റ്, കമ്പി, പെയിന്‍റ് തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്.