കാസര്‍കോട്: കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനിടെ കാസർകോട് ജില്ലയില്‍ രണ്ടാമത് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധന ഫലം ഇന്നു വരും. പരിശോധന ഫലം ജില്ലയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. രോഗം സ്ഥിരീകരിച്ച കളനാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളവരുടേത് അടക്കമുള്ള പരിശോധന ഫലങ്ങൾക്കാണ് ജില്ലയാകെ കാത്തിരിക്കുന്നത്. 200 പേരുടെ ഫലം കൂടി വരാനുണ്ട്. അതിൽ ഈ 77 പേരും ഉൾപ്പെട്ടിരിക്കാമെന്നും അതിനാൽ അത്ര കണ്ട് സമാധാനപ്പെടാൻ കഴിയില്ലെന്നും ആരോഗ്യ പ്രവർത്തകർ സൂചിപ്പിക്കുന്നു.
സമ്പർക്ക പട്ടികയുടെ ഫലം പ്രതീക്ഷിച്ച് കാസർകോട്; നിർണായകമെന്ന് അധികൃതർ
കളനാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളവരുടേത് അടക്കമുള്ള പരിശോധന ഫലങ്ങൾക്കാണ് ജില്ലയാകെ കാത്തിരിക്കുന്നത്. ഇവ ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊതുവെ നെഗറ്റീവ് ആയ ഫലങ്ങൾ വൈകി മാത്രമേ ലഭിക്കുന്നുള്ളൂ. നിലവിൽ കാസര്‍കോട് നിന്നുള്ള സാമ്പിളുകൾ കോഴിക്കോടാണ് പരിശോധിക്കുന്നത്. ഒരു പരിശോധനക്ക് ആറ് മണിക്കൂറോളം സമയമെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം ജില്ലയില്‍ നിന്നും 71 സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. അതെ സമയം നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കിയതോടെ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. ഐ.ജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ ജില്ലയുടെ എല്ലാ ഭാഗത്തും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് തുടങ്ങിയത് ആളുകളെ നിരത്തിലിറങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. ജില്ലയിലെ ആളുകള്‍ക്ക് മംഗലാപുരത്തെ ആശുപത്രികളിലേക്ക് പോകാൻ കഴിയാത്ത സ്ഥിതിയുണ്ട്. എന്നാല്‍ ഇത്തരക്കാർക്ക് കണ്ണൂരിൽ ചികിത്സയ്‌ക്കുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയത് നിയന്ത്രങ്ങൾക്കിടെ ആശ്വാസമായി.