കാസർകോട്: കൊവിഡ് രോഗവ്യാപന ആശങ്കയിൽ കാസർകോട് നെല്ലിക്കുന്ന് തീരമേഖല. ഒരാഴ്‌ചക്കിടെ നൂറിലേറെ പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനകം ഈ മേഖലയിൽ പുതിയ ക്ലസ്റ്റർ രൂപപ്പെടുകയും ചെയ്‌തു. പ്രദേശത്ത് പനി ബാധിതരുടെ എണ്ണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആരോഗ്യവകുപ്പ് സ്രവ പരിശോധന ക്യാമ്പ് നടത്തിയിരുന്നു. 78 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ തന്നെ മുപ്പതോളം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. പിന്നീട് കടപ്പുറത്തെ 268 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ 106 പേരിൽ കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചു.
രോഗവ്യാപന ആശങ്കയിൽ കാസർകോട് നെല്ലിക്കുന്ന് തീരമേഖല
ഈ മേഖലയിൽ പുതിയ ക്ലസ്റ്റർ രൂപപ്പെടുകയും ചെയ്‌തിട്ടുണ്ട്.
കൊവിഡിന്‍റെ വ്യാപന തോത് കണ്ടെത്താൻ പരിശോധനകളുടെ എണ്ണം വർധിപ്പിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. പുതിയ ക്ലസ്റ്റർ രൂപപ്പെട്ടതിനാൽ ഈ പ്രദേശത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്ര പൂർണമായും നിരോധിച്ചു. ഇവിടെയുള്ള ഫിഷറീസ് സ്‌കൂളിൽ പ്രത്യേക പരിശോധന കേന്ദ്രം തുറന്നിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെയും രോഗലക്ഷണങ്ങൾ ഉള്ളവരുടെയും പ്രത്യേകം പട്ടിക തയ്യാറാക്കി കൊണ്ട് പരിശോധന നടത്തുന്നതിനൊപ്പം കേന്ദ്രത്തിൽ സജ്ജീകരിച്ച മെഡിക്കൽ ക്യാമ്പിലൂടെ പ്രാഥമിക ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്.
മുൻ വർഷങ്ങളിൽ കൂടുതൽ മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശമായതിനാൽ മലേറിയ രോഗത്തിനുള്ള പ്രത്യേക പരിശോധനയും ഇതോടൊപ്പം നടത്തുന്നുണ്ട്. ആന്‍റിജൻ പരിശോധനയിൽ പോസിറ്റീവ് ഫലം വരുന്നവരെ ഉടൻ ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനൊപ്പം നെഗറ്റീവ് ലഭിക്കുന്നവർക്ക് 14 ദിവസം നിർബന്ധിത ക്വാറന്‍റൈനും ഉറപ്പുവരുത്തുന്നുണ്ട്. രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് തീരപ്രദേശത്തെ പ്രാഥമിക ചികിത്സ കേന്ദ്രം തുടങ്ങുന്നതിനും തൊഴിൽ നഷ്ടം ഉണ്ടാകുമെന്നതിനാൽ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നതിനും നടപടികളായിട്ടുണ്ട്.