കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്‌ച പുതുതായി അഞ്ച് കൊവിഡ് 19 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ കൊവിഡ് ബാധിതരുടെ എണ്ണം 19 ആയി. നെല്ലിക്കുന്ന്, വിദ്യാനഗർ, ചന്ദ്രഗിരി, മരക്കാപ്പ് കടപ്പുറം, ചെങ്കള എന്നീ പ്രദേശങ്ങളിൽ നിന്നുമുള്ളവരിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
കാസര്‍കോട് കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നു
നെല്ലിക്കുന്ന്, വിദ്യാനഗർ, ചന്ദ്രഗിരി, മരക്കാപ്പ് കടപ്പുറം, ചെങ്കള എന്നീ പ്രദേശങ്ങളിൽ നിന്നുമുള്ളവരിലാണ് രോഗബാധ സ്ഥിരീകരിച്ചത്
കൊറോണ വൈറസ് പശ്ചാത്തലത്തിൽ ജില്ലയിൽ 762 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രികളിൽ 41 പേർ നിരീക്ഷണത്തിലുണ്ട്. കൂടുതൽ ഐസോലേഷൻ സൗകര്യവും ജില്ലയിലേർപ്പെടുത്തി. ജില്ലാ ആശുപത്രിയിലെ ഐസോലേഷൻ സംവിധാനം വിപുലീകരിച്ചു. കെയർവെൽ ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിലും ഐസോലേഷൻ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.
കൂടുതല്‍ കൊവിഡ് കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്ത് നിന്നും വന്നവരും അവരുമായി അടുത്തിടപഴകിയവരും നിർബന്ധമായും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയും കൊറോണ കണ്‍ട്രോൾ സെല്ലുമായി ബന്ധപ്പെടുകയും ചെയ്യണം. രോഗബാധയുടെ സാമൂഹിക വ്യാപനം തടയുന്നതിനായി പൊതുജനസമ്പർക്കം ഒഴിവാക്കണം.