കാസര്‍കോട്:തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണങ്ങളുടെ തുടക്കത്തില്‍ തന്നെ കാസര്‍കോട് കോണ്‍ഗ്രസില്‍ അടിയൊഴുക്കുകള്‍ ആരംഭിച്ചു. പ്രാദേശിക തലങ്ങളില്‍ നേതാക്കളുള്‍പ്പെടെ പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കോണ്‍ഗ്രസ് നേതാവ് കിളിംഗാര്‍ കൃഷ്ണഭട്ട് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു.
ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ബദിയടുക്ക പഞ്ചായത്ത് ഭരണസമിതിയിലുള്ള പ്രാദേശിക തലത്തില്‍ ജനസ്വാധീനമുള്ള നേതാവാണ് കൃഷ്ണ ഭട്ട്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയില്‍ അധ്യക്ഷനായിരുന്നിട്ടും തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹം കോണ്‍ഗ്രസ് കൂടാരം വിട്ടത്. പ്രാദേശിക തലത്തിലെ നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ചാണ് കൃഷ്ണഭട്ട് പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക് പോയത്.ഡി.സി.സി. ഓഫീസില്‍ രാജിക്കത്ത് സമര്‍പ്പിച്ചതിന് പിന്നാലെ കൃഷ്ണഭട്ട് ബിജെപിയിലേക്കാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹവും കുറച്ച് പ്രവര്‍ത്തകരും ബി.ജെ.പിയില്‍ പ്രാഥമിക അംഗത്വമെടുക്കുകയും ചെയ്തത് കോണ്‍ഗ്രസ് നേതൃത്വത്തെ തന്നെ ഞെട്ടിച്ചിട്ടുണ്ട്.ബി.ജെ.പിയുടെ കുത്തക വാര്‍ഡായ കിളിംഗാറില്‍ നിന്നും കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ചാണ് കൃഷ്ണഭട്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ചത്. എന്നാല്‍ ഇത്തവണ മത്സരത്തിനില്ലെന്ന് പറയുമ്പോഴും ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടാല്‍ ഒരു വട്ടം കൂടി അങ്കത്തിനിറങ്ങുമെന്ന് കൃഷ്ണ ഭട്ട് പറഞ്ഞു.നേരത്തെ ബദിയടുക്കയില്‍ സംഘപരിവാര്‍ സംഘടിപ്പിച്ച ഹിന്ദു സമാജോത്സവത്തില്‍ അധ്യക്ഷനായി കൃഷ്ണഭട്ട് പങ്കെടുത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. അന്ന് മുതല്‍ തന്നെ കൃഷ്ണഭട്ട് ബിജെപി പാളയത്തിലെത്തുമെന്ന പ്രചാരണവുമുണ്ടായിരുന്നു. അത് ശരിവെക്കും വിധമാണ് കിളിംഗാറിലെ സായിമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിച്ചതും. നിലവില്‍ കുറച്ച് പേര്‍ മാത്രമാണ് ബി.ജെ.പിയിലേക്ക് കടന്ന് വന്നതെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പി അംഗത്വമെടുക്കുമെന്ന സൂചനയും കൃഷ്ണ ഭട്ട് നല്‍കുന്നുണ്ട്. ഫലത്തില്‍ ബദിയടുക്കയുടെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പ്രാദേശിക അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്ന് ഉറപ്പായി. നിലവില്‍ 19 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ലീഗ് അഞ്ച്, കോണ്‍ഗ്രസ് അഞ്ച്, ബി.ജെ.പി എട്ട്, സിപിഎം ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.