കാസര്‍കോട്: കര്‍ഫ്യൂ നിലനില്‍ക്കുന്ന മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചു. അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളിലായാണ് വിദ്യാര്‍ഥികളെ മംഗളൂരുവില്‍ കാസര്‍കോട്ടേക്ക് എത്തിച്ചത്. പൊലീസ് സുരക്ഷയില്‍ കോണ്‍വോയ് അടിസ്ഥാനത്തിലായിരുന്നു ബസുകള്‍ അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയത്.
മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലെത്തി - മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തി
പൊലീസ് സുരക്ഷയില്‍ കോണ്‍വോയ് അടിസ്ഥാനത്തിലായിരുന്നു ബസുകള്‍ അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയത്
പുറം ലോകവുമായി ബന്ധപ്പെടാനാകാതെ മലയാളി വിദ്യാര്‍ഥികള്‍ പ്രയാസപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ ഇടപെടല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ വാഹന സൗകര്യം ഏര്‍പ്പെടുത്താന്‍ കാസര്‍കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. തുടര്‍ന്നാണ് കര്‍ഫ്യൂ ഇളവ് നല്‍കുന്ന സമയത്ത് അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകള്‍ മംഗലാപുരത്തെത്തിക്കാന്‍ തീരുമാനമാകുന്നത്.
മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ഥികളെ സ്വീകരിച്ചു. വിദ്യാര്‍ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ മുന്‍കൈയെടുത്ത പൊലീസ് ഉദ്യോഗസ്ഥരെയും കെ.എസ്.ആര്‍.ടി.സി ജീവനക്കാരെയും മന്ത്രി ഇ.ചന്ദ്രശേഖരന്‍ അഭിനന്ദിച്ചു. ഇന്‍റര്‍നെറ്റ് തടസമുള്ളപ്പോഴും വിദ്യാര്‍ഥികളിലേക്ക് വിവരങ്ങള്‍ കൈമാറിയ മാധ്യമങ്ങളെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. വിദ്യാര്‍ഥികളെ ബസില്‍ കയറ്റി സുരക്ഷാ മുന്‍കരുതലുകളോടെയാണ് പൊലീസ് അകമ്പടിയില്‍ മംഗലാപുരത്ത് നിന്നും യാത്ര പുറപ്പെട്ടത്. സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ഇരുന്നൂറിലേറെ മലയാളി വിദ്യാര്‍ഥികള്‍ക്കാണ് തുണയായത്.