കാസർകോട്:സുപ്രീംകോടതി നിർദ്ദേശമുണ്ടായിട്ടും കേരള- കർണാടക അതിർത്തിയില്‍ രോഗികളെ കടത്തിവിടുന്നതില്‍ കടുംപിടിത്തം തുടർന്ന് കർണാടക. കോടതി നിർദ്ദേശത്തിന്‍റെ പശ്ചാത്തലത്തില്‍ കർശന ഉപാധികളോടെയാണ് തലപ്പാടി അതിർത്തി കടന്ന് മംഗളൂരുവിലേക്ക് ചികിത്സയ്ക്ക് പോകാൻ കർണാടക അനുവദിക്കുന്നത്. എന്നാല്‍ ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള ഉപാധികളും സംവിധാനങ്ങളും തികച്ചും അശാസ്ത്രീയവും അപ്രായോഗികവുമാണ്. രോഗികൾക്ക് കൊവിഡ് ബാധ ഇല്ലെന്ന സർട്ടിഫിക്കറ്റ് മെഡിക്കൽ സംഘം നൽകണമെന്ന ഉപാധിയാണ് തലവേദനയാകുന്നത്. കൊവിഡ് രോഗികളല്ലാത്ത അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി വരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആംബുലന്‍സുകളെ മാത്രമേ അതിർത്തി കടക്കാൻ കർണാടക അനുവദിക്കുന്നുള്ളൂ. മാത്രവുമല്ല കാസര്‍കോട് ജില്ലയില്‍ ചികിത്സ ലഭ്യമല്ലാത്ത കാര്‍ഡിയാക്, ന്യൂറോ, ആര്‍.ടി.എ, പ്രസവാനന്തര സങ്കീര്‍ണതകള്‍ എന്നിവക്കുള്ള ചികിത്സക്കായി രോഗികളുമായി വരുന്ന ആംബുലന്‍സ് മാത്രമേ കടത്തി വിടുകയുള്ളൂവെന്നും രോഗി കോവിഡ് ബാധിതനല്ലെന്നും യാതൊരുവിധ കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തയാളാണെന്നും മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം കരുതണമെന്നുമാണ് നിബന്ധനകളിൽ പ്രധാനം.
എന്നാൽ അടിയന്തര ഘട്ടത്തിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകൽ അസാധ്യമാണെന്നും അതിർത്തിയിൽ വെച്ച് രോഗിയെ ആംബുലൻസിലേക്ക് മാറ്റുന്നത് അപ്രായോഗികമാണെന്നും കേരളം പറയുന്നു. മെഡിക്കൽ ഓഫീസർമാരെയടക്കം ഇതിനായി ചുമതലപ്പെടുത്തിയെങ്കിലും ഗുരുതരാവസ്ഥയിലായ രോഗിയുടെ അതിർത്തിയിലെ പരിശോധനയും കാലതാമസത്തിനിടയാക്കുന്നുണ്ട്.