കാസര്‍കോട്: മാസങ്ങളായി ശമ്പളം മുടങ്ങിയ കാസര്‍കോട്ടെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്‍ ഇഎംഎല്ലിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകള്‍ സമരരംഗത്തേക്ക്. കേന്ദ്ര സര്‍ക്കാരിന്‍റെ അന്തിമ അനുമതി വൈകിയതോടെ കമ്പനിയെ സംസ്ഥാന പൊതുമേഖലയിലേക്ക് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വൈകുകയാണ്.
ശമ്പളം ലഭിക്കുന്നില്ല; ഭെല്‍ ഇഎംഎല്‍ തൊഴിലാളികള്‍ സമരത്തിലേക്ക്
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്നും കൈമാറ്റ നടപടികള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നുമുള്ള ഹൈക്കോടതി വിധിയും ഭെല്ലിന്‍റെ കാര്യത്തില്‍ ലംഘിക്കപ്പെട്ട പശ്ചാത്തലത്തിലാണ് സമരത്തിലേക്ക് തൊഴിലാളികള്‍ എത്തിയത്.
രണ്ട് വര്‍ഷമായി ശമ്പളം മുടങ്ങിയതിന് പുറമെ പിരിഞ്ഞു പോകുന്നവര്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതായും ആക്ഷേപമുണ്ട്. അഞ്ച് കോടി രൂപ വാര്‍ഷിക വിറ്റുവരവ് ലാഭമുണ്ടായിരുന്ന സംസ്ഥാന പൊതുമേഖലയിലെ കേരള ഇലക്ട്രിക്കല്‍ അലൈഡ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കേന്ദ്ര പൊതുമേഖലയിലെ ലയനത്തിന് ശേഷം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്.
2011 മാര്‍ച്ച് 28ന് ഭെല്ലില്‍ ലയിച്ചതിന് ശേഷം ഒന്‍പത് വര്‍ഷം കൊണ്ട് നഷ്ടക്കണക്ക് മാത്രമാണ് സ്ഥാപനത്തിന് ഇപ്പോള്‍ പറയാനുള്ളത്. 40കോടിയിലധികം രൂപയുടെ സാമ്പത്തിക ബാധ്യതയാണ് നിലവിലുള്ളത്. ഇതേ തുടര്‍ന്നാണ് 2017 ജൂണ്‍ 12ന് കമ്പനി വീണ്ടും സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ അനുമതി നല്‍കാതെ ഇതും വൈകിപ്പിക്കുകയാണ്. 2018 ഡിസംബര്‍ മുതല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള 165ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെയായി.
കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 20ന് അടച്ചിട്ട കമ്പനി ഇതുവരെ തുറന്നിട്ടില്ല. ഉല്പാദനവും നിലച്ചു. ഈ സാഹചര്യത്തിലാണ് തൊഴിലാളി സംഘടനകള്‍ ഒന്നിച്ച് സമരരംഗത്തേക്കിറങ്ങുന്നത്.
നവംബര്‍9 മുതല്‍ നാല് ദിവസങ്ങളിലായി കാസര്‍കോട് ഒപ്പുമരച്ചുവട്ടിലാണ് സത്യഗ്രഹം സംഘടിപ്പിക്കുക. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്നും കൈമാറ്റ നടപടികള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നുമുള്ള ഹൈക്കോടതി വിധിയും ഭെല്ലിന്‍റെ കാര്യത്തില്‍ ലംഘിക്കപ്പെട്ട പശ്ചാത്തലത്തിലാണ് സമരത്തിലേക്ക് തൊഴിലാളികള്‍ എത്തിയത്.