കാസര്‍കോട്: കഷ്‌ടതകള്‍ നിറഞ്ഞ ജീവിതം തള്ളി നീക്കാന്‍ മീനാക്ഷിക്ക് ഇനി ബീഡി തെറുക്കേണ്ട. പത്താം തരം മുതല്‍ പഠനത്തിനൊപ്പം കൂടെക്കൂട്ടിയ ബീഡിമുറം മാറ്റി ഇനി പുതിയ മേഖലയില്‍ തൊഴിലെടുക്കാം. ആകെ 1500 ല്‍ താഴെ അംഗസംഖ്യയുള്ള കൊറഗ പട്ടിക വര്‍ഗ സമുദായത്തിലെ ആദ്യ എം.എ, എം.ഫില്‍ ബിരുദധാരിയായ മീനാക്ഷി ബൊഡ്ഡോഡിക്കാണ് കരാര്‍ വ്യവസ്ഥയിലാണെങ്കിലും സര്‍ക്കാര്‍ മേഖലയില്‍ തൊഴിലെടുക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. സ്വന്തം ഗോത്രത്തിന്‍റെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് കുടുംബശ്രീയില്‍ ആനിമേറ്ററായി മീനാക്ഷിയെ നിയമിച്ചിരിക്കുന്നത്. വൈകിയാണെങ്കിലും ഇങ്ങനെയൊരു ജോലി ലഭിച്ചതില്‍ അതിയായി സന്തോഷിക്കുകയാണ് മീനാക്ഷി.
ബീഡി തെറുപ്പിന് വിട; മീനാക്ഷിക്ക് സര്‍ക്കാര്‍ ജോലി - കൊറഗ
കൊറഗ ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി എം എ, എംഫില്‍ ബിരുദങ്ങള്‍ നേടിയ മീനാക്ഷി ഉപജീവനത്തിനായി ബീഡി തെറുക്കുന്നത് ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊറഗ സമൂഹത്തിന്‍റെ വികസനത്തിന് വിദ്യാഭ്യാസം അത്യാവശ്യമാണെന്നാണ് മീനാക്ഷി പറയുന്നത്. പഴയകാലത്തില്‍ നിന്നും മാറി കൊറഗ സമൂഹത്തിലെ യുവതലമുറ വിദ്യാഭ്യാസം നേടുന്നതിന് മുന്നോട്ടു വരുന്നുണ്ട്. വിദ്യാഭ്യാസം നേടിയിട്ടും പെട്ടെന്ന് തൊഴില്‍ ലഭിക്കാത്തത് നിരാശയുണ്ടാക്കുന്നുവെന്നും അതിനൊരു മാറ്റം വരുത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മീനാക്ഷി പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി ടി സുരേന്ദ്രനില്‍ നിന്നും മീനാക്ഷി നിയമന ഉത്തരവ് സ്വീകരിച്ചു.
കൊറഗ സമൂഹം കൂടുതലായി കാണുന്ന മീഞ്ച ഗ്രാമപഞ്ചായത്തിലാണ് മീനാക്ഷി പ്രവര്‍ത്തിക്കുക. കൊറഗ വിഭാഗത്തിന്‍റെ സമഗ്രവികസനത്തിനായി കുടുംബശ്രീയുടെ കീഴില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഏകോപനമാണ് മീനാക്ഷി ഇനി നിര്‍വഹിക്കുക. നേരത്തെ മീനാക്ഷിയുടെ ജീവിതം ഇടിവി ഭാരത് വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് വിവിധ തലങ്ങളിലെ ഇടപെടലുകള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ മേഖലയില്‍ ജോലി ലഭ്യമാകുന്നത്. കൊറഗ വിഭാഗത്തിന്‍റെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുമ്പോഴും പഠനം ഇനിയും തുടരാന്‍ തന്നെയാണ് മീനാക്ഷിയുടെ തീരുമാനം. മുടങ്ങിപ്പോയ ബി.എഡ് പഠനം പൂര്‍ത്തിയാക്കണം. തുളു, കന്നഡ ഭാഷകളുടെ അതിപ്രസരത്താല്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കൊറഗ ഭാഷയെ കുറിച്ച് ഗവേഷണം നടത്താനും മീനാക്ഷി ലക്ഷ്യമിടുന്നുണ്ട്.