വാങ്ക് വിളിച്ച് ബപ്പിരിയൻ, മാണിച്ചി തെയ്യക്കോലങ്ങൾ കാസർകോട്: എല്ലാ അതിർവരമ്പുകൾക്കുമപ്പുറം മനുഷ്യനെ ചേർത്തുനിർത്തുന്ന സ്‌നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ബന്ധം പറയുന്ന തെയ്യക്കോലങ്ങൾ. ഉമ്മച്ചി തെയ്യം, ആലിച്ചാമുണ്ടി, മുക്രി പോക്കർ എന്നിങ്ങനെയുള്ള മാപ്പിള തെയ്യക്കോലങ്ങളുള്ള നാട്ടിൽ മാനവികതയുടെ മറ്റൊരു കാഴ്‌ച കൂടിയുണ്ട്. തെയ്യങ്ങൾ വാങ്ക് വിളിക്കുന്ന അപൂർവ്വ കാഴ്‌ച.
മടിക്കൈ മുണ്ടാട് ശ്രീ കോമറായ ദേവസ്ഥാനത്തെ കളിയാട്ടത്തിന്‍റെ ഭാഗമായാണ് തെയ്യങ്ങളുടെ വാങ്ക് വിളി. കോമറായ ദേവസ്ഥാനത്ത് കെട്ടിയാടിയ ബപ്പിരിയൻ, മാണിച്ചി തെയ്യങ്ങളാണ് മനുഷ്യർ ചേർന്നുനിൽക്കട്ടെയെന്ന് വാങ്ക് വിളിച്ച് തെളിയിച്ചത്. നലിക്കത്തായ വിഭാഗക്കാരാണ് തെയ്യം കെട്ടിയത്.
വാങ്ക് കൊടുക്കാൻ മാണിച്ചി ആവശ്യപ്പെടുമ്പോൾ, സമയം തെറ്റിയതായും നീതന്നെ വാങ്കുവിളിച്ചോളാനും ബപ്പിരിയൻ പറയും. ഇതോടെ മാണിച്ചി വാങ്ക് കൊടുക്കും. സ്ത്രീ വേഷമാണ് മാണിച്ചി. കപ്പിത്താനാണ് മുസ്ലിമായ ബപ്പിരിയൻ എന്നാണ് വിശ്വാസം. മലനാട്ടിലേക്ക് മരക്കലത്തിൽ (കപ്പൽ) കയറിവന്ന തെയ്യങ്ങളെന്നാണ് പറയപ്പെടുന്നത്. അപൂർവം സ്ഥലങ്ങളിലേ ഈ തെയ്യമുള്ളൂ.
ഐതിഹ്യം:തുളു നാട്ടിൽ കപ്പലോടിച്ചെത്തിയ അറബി വ്യാപാരിയായിരുന്ന ബപ്പിരിയൻ. കടലിൽ ശത്രുക്കളുമായുള്ള ഏറ്റുമുട്ടലിൽ ബപ്പിരിയൻ വീരമരണം വരിച്ചു. ഗോത്ര സമുദായത്തിൽ നിന്ന് ബപ്പിരിയൻ പ്രണയിച്ച് വിവാഹം കഴിച്ച മാണിച്ചി വിധവയായി. വീരമൃത്യു വരിച്ച ബപ്പിരിയനും മരണശേഷം മാണിച്ചിയും ദൈവക്കോലങ്ങളായെന്നാണ് വിശ്വാസം. ദേശം മാറുന്നതിനനുസരിച്ച് ഐതിഹ്യങ്ങളിലും ചില വ്യത്യാസങ്ങളുണ്ടായേക്കാം. എന്നിരുന്നാലും, സാമുദായിക ഇഴയടുപ്പത്തിന്‍റെ ചരിത്രമാണ് ഈ തെയ്യക്കോലങ്ങൾ പറയുന്നത്.
Also read:ദ്വീപില്‍ അകപ്പെട്ട ദേവകന്യക; സ്‌ത്രീകള്‍ മാത്രം കെട്ടിയാടുന്ന തെയ്യക്കോലമിതാ...