കാസർകോട്: കാസർകോട് നിന്നും ഒരു അപൂർവ സസ്യം കൂടി ശാസ്ത്രലോകത്തിനു മുന്നിലെത്തി. കുമ്പള അനന്തപുരത്ത് നിന്നുമാണ് ഈ പുഷ്പിത സസ്യത്തെ സസ്യശാസ്ത്ര ഗവേഷകർ കണ്ടെത്തിയത്. റോസ് നിറത്തിലുള്ള കുഞ്ഞൻ പൂക്കൾ വിരിയുന്ന ഈ സസ്യം 'ലെപ്പിടഗാത്തിസ് അനന്തപുരമെൻസിസ്'എന്ന നാമത്തിൽ ഇനി സസ്യശാസ്ത്ര ലോകത്ത് അറിയപ്പെടും. അനന്തപുരം തടാക ക്ഷേത്രത്തിനോട് ചേർന്ന ചെങ്കൽ പാറകളിൽ മാത്രം കാണപ്പെടുന്നതിനാലാണ് ഗവേഷകർ സ്ഥലനാമം കൂടി ചേർത്ത് പേരിട്ടത്. നിരവധി പുഷ്പിത സസ്യങ്ങളുടെ കൂട്ടത്തിൽ അപരിചിതമായിരുന്ന ഈ ചെടിയിലൂടെ ഇനി അനന്തപുരവും ശാസ്ത്രലോകത്ത് പരിചിതമാകും. ചെങ്കൽ പാറകളിലും പാറപ്പുറങ്ങളിലും വളരുന്ന ചെടികളെക്കുറിച്ച് ഗവേഷണം നടത്തുന്ന സംഘമാണ് അപൂർവമായ ഈ പുഷ്പിത സസ്യം കണ്ടെത്തിയത്.
കാസർകോട് നിന്ന് ഒരു അപൂർവ സസ്യം കൂടി - ന്യൂസിലാൻഡ്
റോസ് നിറത്തിലുള്ള കുഞ്ഞൻ പൂക്കൾ വിരിയുന്ന ഈ സസ്യം 'ലെപ്പിടഗാത്തിസ് അനന്തപുരമെൻസിസ്' എന്ന നാമത്തിൽ ഇനി സസ്യശാസ്ത്ര ലോകത്ത് അറിയപ്പെടും
വിശദമായ പഠനങ്ങൾക്കു ശേഷം ന്യൂസിലാൻഡ് പുറത്തിറക്കുന്ന ഫൈറ്റോടാക്സ ജേർണലിൽ ഈ സസ്യവും ഉൾപ്പെട്ടിട്ടുണ്ട്. ജൂൺ-ജൂലൈ മാസങ്ങളിൽ തുടങ്ങി ഡിസംബർ വരെയാണ് ലെപ്പിടഗാത്തിസ് അനന്തപുരമെൻസിസിന്‍റെ പുഷ്പിത കാലം. കാലങ്ങളായി നാട്ടു പൂക്കൾക്കിടയിൽ ഈ സസ്യത്തെ കണ്ടിരുന്നെങ്കിലും ഇതിന്‍റെ അപൂർവതയെ കുറിച്ച് അറിഞ്ഞ പ്രദേശവാസികളും പുതിയ കണ്ടെത്തലിൽ അത്ഭുതം കൂറുകയാണ്. പുതിയ സസ്യത്തിന്‍റെ കണ്ടെത്തൽ ജൈവ വൈവിധ്യങ്ങളാൽ സമ്പുഷ്ടമായ ചെങ്കൽ പാറകളിൽ അനവധിയായ സസ്യസമ്പത്തുകൾ ഉണ്ടെന്ന തിരിച്ചറിവ് കൂടിയാണ് നല്‍കുന്നത് .