കാസർകോട്:പൊളിഞ്ഞ് വീഴാറായ കെട്ടിടം, മുറ്റവും പരിസരവും കാട് പിടിച്ച് കിടക്കുന്നു, മേൽക്കൂര ഷീറ്റ് കൊണ്ട് മറച്ചതിനാൽ അസഹനീയമായ ചൂട്, കുട്ടികൾക്ക് കളിക്കാൻ കളിപ്പാട്ടങ്ങളില്ല. മഞ്ചേശ്വരം പഞ്ചായത്തിലെ അമ്പിത്താടി അങ്കണവാടിയുടെ ശോചനീയാവസ്ഥയാണിത്. ഈ അങ്കണവാടിയിൽ വച്ചായിരുന്നു ഈ വർഷത്തെ ശിശുദിനാഘോഷവും. 55 കുട്ടികളാണ് ഹാജർ പട്ടികയിൽ ഉള്ളതെങ്കിലും പകുതി കുട്ടികൾ മാത്രമേ ഇവിടെ എത്താറുള്ളു.
കുട്ടികളെ ഈ അങ്കണവാടിയിലേക്ക് അയക്കാൻ രക്ഷിതാക്കൾക്കും ഭയമാണ്. കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് നാട്ടുകാർ നാല് സെന്‍റ് ഭൂമി വാങ്ങി നൽകുകയും കെട്ടിട നിർമാണത്തിന് അനുമതി ലഭിച്ചതുമാണ്. എന്നാൽ പ്രാദേശിക രാഷ്ട്രീയ ഇടപെടലുകൾ കെട്ടിട നിർമാണത്തിന് തടസമായി എന്നാണ് നാട്ടുകാർ പറയുന്നത്. അങ്കണവാടിക്കായി കണ്ടെത്തിയ സ്ഥലവും നിലവിൽ കാടുമൂടിയ അവസ്ഥയിലാണ്.