കൃഷിയന്ത്രങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ കര്‍ഷകര്‍ക്ക് പരിശീലനം
അറ്റകുറ്റപ്പണി പരിശീലിക്കുന്നതിനാല്‍ ചെലവ് കുറഞ്ഞ കൃഷിരീതി സാധ്യമാകും എന്നതിനാലാണ് കര്‍ഷക സേനാംഗങ്ങള്‍ക്ക് തന്നെ പരിശീലനം നല്‍കിയത്.
കാസര്‍കോട്: കൃഷി യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ കര്‍ഷകര്‍ക്ക് കൃഷിവകുപ്പിന്‍റെ പരിശീലനം. കൃഷി യന്ത്രവത്കരണ മിഷനും കൃഷി വകുപ്പ് എന്‍ജിനീയറിങ് വിഭാഗവും ചേര്‍ന്നാണ് പരിശീലനം നല്‍കിയത്. കൃഷിയാവശ്യത്തിനുപയോഗിക്കുന്ന എല്ലാതരം യന്ത്ര സാമഗ്രികളുടെയും അറ്റകുറ്റപ്പണികളില്‍ കൃഷി കര്‍മ സേനകളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. കൃഷക്കുപയോഗിക്കുന്ന കാടുവെട്ടി യന്ത്രങ്ങള്‍, ഗാര്‍ഡന്‍ ടില്ലര്‍, മിനി ടില്ലര്‍, പവര്‍ ടില്ലര്‍ തുടങ്ങി അറ്റകുറ്റപണിക്കായി മാറ്റിവച്ച ഉപകരണങ്ങളെല്ലാം പരിശീലനത്തോടനുബന്ധിച്ച് പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുകയാണ് ഒരു കൂട്ടം കര്‍ഷക സേനാംഗങ്ങള്‍. ജില്ലയിലെ നാല് അഗ്രോ സര്‍വീസ് സെന്‍ററുകളില്‍ നിന്നും ആറ് കര്‍ഷക കര്‍മസേനകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 പേര്‍ക്കാണ് 12 ദിവസം പരിശീലനം നല്‍കിയത്. പ്രവര്‍ത്തന സജ്ജമാക്കിയ യന്ത്രങ്ങളെല്ലാം കര്‍മസേനക്കും സേവന കേന്ദ്രങ്ങള്‍ക്കും കൈമാറും. അറ്റകുറ്റപ്പണി പരിശീലിക്കുന്നതിനാല്‍ ചെലവ് കുറഞ്ഞ കൃഷിരീതി സാധ്യമാകും എന്നതിനാലാണ് കര്‍ഷക സേനാംഗങ്ങള്‍ക്ക് തന്നെ പരിശീലനം നല്‍കിയത്.