കാസർകോട്: ആഫ്രിക്കന്‍ ഒച്ചുകള്‍ പെരുകുന്നത് പ്രദേശവാസികളില്‍ ആശങ്ക ഉയര്‍ത്തുന്നു. വീടുകളുടെ ചുമരുകളിലടക്കം ഒച്ചുകള്‍ എത്തിയതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളുമായി രംഗത്തെത്തി. അപകടകാരികളായ ഒച്ചുകളെ പച്ചക്കറി കെണിയൊരുക്കി നശിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. പച്ചക്കറി മാലിന്യം നിറച്ച ചാക്കില്‍ മെറ്റാല്‍ഡിഹൈഡ് എന്ന രാസവസ്തു വിതറി ഒച്ചുകളെ ആകര്‍ഷിച്ച് കത്തിച്ചു കളയാനാണ് ശ്രമം.
കാസര്‍കോട് ചെങ്കളയില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ പെരുകുന്നു: പ്രദേശവാസികള്‍ ആശങ്കയില്‍
രണ്ട് വര്‍ഷമായി ഇത്തരം ഒച്ചുകളെ കാണുന്നുണ്ടെങ്കിലും ഇത്തവണ ഇവയുടെ എണ്ണം വളരെ വലുതാണ്
ചെങ്കള പഞ്ചായത്തിലെ സന്തോഷ് നഗര്‍, മാര, നാലാംമൈല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം ഏറ്റവും രൂക്ഷമായത്. വീടുകളുടെ ചുമരുകള്‍, വാഴത്തോട്ടങ്ങള്‍, മരങ്ങള്‍ എന്നിവയിലാണ് ഒച്ചുകളെ വ്യാപകമായി കാണുന്നത്. ജയന്‍റ് ആഫ്രിക്കന്‍ ലാന്‍റ് സ്‌നെയില്‍ എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഇവ സാധാരണ ഒച്ചുകളേക്കാള്‍ വലുതും അപകടകാരികളുമാണ്. ആഫ്രിക്കന്‍ ഒച്ചുകളില്‍ കാണപ്പെടുന്ന ആന്‍ജിയോസ്‌ട്രോങിലസ് കാന്‍റനെന്‍സിസ് എന്ന വിര മസ്‌തിഷ്‌ക വീക്കമടക്കമുള്ള ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ട് വര്‍ഷമായി ഇത്തരം ഒച്ചുകളെ കാണുന്നുണ്ടെങ്കിലും ഇത്തവണ എണ്ണം പെരുകിയതോടെയാണ് ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ചെങ്കള പഞ്ചായത്തിലെ നൂറോളം വീടുകളില്‍ ഇപ്പോള്‍ ഒച്ചുകള്‍ കാണപ്പെടുന്നുണ്ട്.