കാസർകോട് : അബൂബക്കറിന് ഇനി സ്വന്തമായി അധ്വാനിച്ച് കുടുംബം നോക്കാം. അബൂബക്കറിന് ആവശ്യമായ കാടുവെട്ടി യന്ത്രം കൈമാറി ബദിയടുക്ക പൊലീസും കെ.എം.സി.സിയും. ഇടിവി ഭാരത് വാർത്തയെ തുടർന്നാണ്, ശാരീരിക, സാമ്പത്തിക പ്രയാസം മൂലം ആത്മഹത്യയുടെ വക്കിലെത്തിയ അബൂബക്കറിനെയും കുടുംബത്തെയും സഹായിക്കാൻ സുമനസ്സുകൾ കൈകോർത്തത്.
കൊവിഡ് കാലത്ത് വിവാഹങ്ങൾ കുറഞ്ഞതോടെ അബൂബക്കറിന് പാചക ജോലി നഷ്‌ടപ്പെട്ടു. കാലിന് സുഖമില്ലാത്തതിനാൽ ഭാരിച്ച ജോലി ചെയ്യാൻ കഴിയില്ല. അതിനാൽ ജോലി ചെയ്‌ത് കുടുംബം പോറ്റാൻ വാടകയ്‌ക്കെങ്കിലും ഒരു കാടുവെട്ടി യന്ത്രമായിരുന്നു അബൂബക്കറിന്‍റെ ആകെയുള്ള ആഗ്രഹം.
വാർത്ത ശ്രദ്ധയിൽപ്പെട്ട ബദിയടുക്ക എസ്.ഐ വിനോദ്‌കുമാർ ദുബൈ കെ.എം.സി.സി കുമ്പഡാജെ പഞ്ചായത്ത് ഭാരവാഹികളുമായി സംസാരിച്ചു. തുടർന്ന് അബൂബക്കറിന് ആവശ്യമായ കാടുവെട്ടി യന്ത്രവും, അത്യാവശ്യം ഉള്ള ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റും, യന്ത്രം പ്രവർത്തിക്കാൻ വേണ്ട പെട്രോളും കെ.എം.സി.സി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി നൽകി. സാധനങ്ങൾ വീട്ടിൽ എത്തി എസ്.ഐ വിനോദ്‌കുമാർ കൈമാറുകയും ചെയ്‌തു.