കാസർകോട്: ജില്ലക്ക് ആശ്വാസമായി കൂടുതല്‍ പേർ കൊവിഡ് മുക്തരാകുന്നു. കൊവിഡ് 19ന്‍റെ രണ്ടാംഘട്ടത്തില്‍ ജില്ലയിലെ 17 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. ജനറല്‍ ആശുപത്രിയില്‍ നിന്ന് ആറും ജില്ല ആശുപത്രിയില്‍ നിന്ന് മൂന്നും പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് എട്ട് പേരുമാണ് ആശുപത്രി വിട്ടത്. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഒരാൾ അടക്കം അഞ്ച് പേർ തുടർ പരിശോധനകളില്‍ നെഗറ്റീവായതിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങിയിരുന്നു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച 22 കാസർകോടുകാരാണ് രോഗമുക്തി നേടിയത്.
കാസർകോട് 17 പേർക്ക് കൂടി രോഗമുക്തി; ഇനി ചികിത്സയിലുള്ളത് 138 പേർ
ജനറല്‍ ആശുപത്രിയില്‍ നിന്ന് ആറും ജില്ല ആശുപത്രിയില്‍ നിന്ന് മൂന്നും പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് എട്ട് പേരുമാണ് ആശുപത്രി വിട്ടത്.
വുഹാനില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാർഥിക്ക് ശേഷം രണ്ടാംഘട്ടത്തില്‍ ജില്ലയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച കളനാട് സ്വദേശി അടക്കമുള്ളവരാണ് വൈറസ് മുക്തരായി ആശുപത്രി വിട്ടത്. പരിയാരം മെഡിക്കൽ കോളജിൽ നിന്ന് ഗർഭിണിയായ സ്ത്രീയും അവരുടെ രണ്ട് വയസുള്ള കുട്ടിയും ഉമ്മയും മറ്റൊരു ഗർഭിണിയായ സ്ത്രീയും ഭർത്താവുമടക്കമുള്ളവരാണ് വീടുകളിലേക്ക് മടങ്ങിയത്. കൊന്നപ്പൂക്കളും മധുര പലഹാരങ്ങളും കുട്ടിക്ക് കളിപ്പാട്ടങ്ങളും നൽകിയാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. എൻ റോയും മെഡിക്കൽ സൂപ്രണ്ട ടി.സുദീപും മറ്റ് ആരോഗ്യ പ്രവർത്തകരും ഇവരെ യാത്രയാക്കിയത്.
ഇതുവരെ കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് പത്ത് കൊവിഡ് ബാധിതർക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് മൂന്ന് പേർക്കും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഒരാൾക്കും പരിയാരം മെഡിക്കൽ കോളജിൽ നിന്ന് എട്ട് പേർക്കും രോഗം ഭേദമായതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ 160 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇനി 138 പേരാണ് രോഗബാധിതരായി വിവിധ ആശുപത്രികളിൽ കഴിയുന്നത്.