കണ്ണൂർ : തലശ്ശേരി കോടതി സമുച്ചയ പരിസരത്ത് പാലമരം പൂത്ത ഗന്ധമുണ്ട്. രാത്രി പുലർന്നാൽ വിരിയുകയും കിലോ മീറ്ററുകളോളം സുഗന്ധം പരത്തുന്നവയുമാണ് പാലപ്പൂക്കള്‍. കോടതി പരിസരത്ത് റോഡിൽ പരവതാനി പോലെ കൊഴിഞ്ഞുവീണ പാലപ്പൂക്കള്‍ തുലാമഴയിൽ ചീഞ്ഞുതുടങ്ങിയിരുന്നു. അവയിൽ നിന്ന് പുഴുക്കൾ പുറത്തുവരുന്നുമുണ്ട്.
എന്നാൽ കോടതി വളപ്പിലെ ജീവനക്കാർ പാലയുടെ സുഗന്ധത്തെയും അഴകിനെയും അപ്പോഴേക്കും വല്ലാതങ്ങ് ആസ്വദിച്ചുതുടങ്ങിയിരുന്നു. അങ്ങനെയിരിക്കെയാണ് പെട്ടെന്ന് ഒരു ദിവസം, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ തിങ്കളാഴ്‌ച തലശേരിയിലെ മൂന്ന് കോടതികളിലെ ജീവനക്കാർക്കും കോടതിയിൽ ഹാജരായ അഭിഭാഷകർക്കും രണ്ട് ജഡ്‌ജിമാർക്കും ശാരീരിക പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്.
തുടർന്ന് പരിശോധന നടത്തിയ ഡോക്‌ടർമാരോട് അവർ സൂചനകൾ ആയി നൽകിയ കാര്യങ്ങൾ ഇപ്രകാരമായിരുന്നു. പരിസരങ്ങളിലെ പാല മരം ആകാം കാരണം. ശുചിത്വ കുറവുകൾ ഉണ്ട്. പാല മരത്തിലെ പുഴുക്കൾ ആകാം. അല്ലെങ്കിൽ കോടതി വളപ്പിൽ പുതിയ കെട്ടിടസമുച്ചയത്തിൽ പെയിന്‍റ് ചെയ്യുമ്പോഴുള്ള രാസവസ്‌തുക്കളുടെ ഗന്ധം ആവാം.
ചൊറിച്ചിൽ, കൈകാൽ വേദന, സന്ധിവേദന, കണ്ണിന് ചുവപ്പ് നിറം, കൈയ്‌ക്ക് നീർക്കെട്ട്, തലവേദന എന്നിവയാണ് ജീവനക്കാർക്കുണ്ടായ ലക്ഷണങ്ങൾ. രണ്ടാഴ്‌ചയിലേറെയായി ഇവർക്ക് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അഡീഷണൽ ജില്ല കോടതി മൂന്ന്, അഡീഷണൽ ജില്ല കോടതി രണ്ട്, സബ് കോടതി എന്നിവിടങ്ങളിലുള്ള ജീവനക്കാർക്കാണ് ശാരീരിക പ്രശ്‌നങ്ങളുണ്ടായത്.
ചിലർക്ക് പ്ലേറ്റ്‌ലറ്റ് കുറയുന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. വികെ രാജീവന്‍റെ നേതൃത്വത്തിൽ ഡോക്‌ടർമാരായ ശശിധരൻ, ശ്രീജേഷ് എന്നിവർ ഉൾപ്പെട്ട മെഡിക്കൽ സംഘം കാരണക്കാരെ കണ്ടെത്താൻ ആരംഭിച്ചത്. ഏതായാലും പാലയെ പൂർണമായങ്ങ് പ്രതിയാക്കാൻ അവർ തയ്യാറായില്ല.