വള്ളിയമ്മ’എന്ന തെയ്യക്കോലം കണ്ണൂര്‍: അത്യുത്തര കേരളത്തിലെ തെയ്യ കോല ദൈവങ്ങളിൽ തൊണ്ണൂറു ശതമാനവും അമ്മത്തെയ്യങ്ങളാണ്. എന്നാൽ തെയ്യങ്ങൾ കെട്ടിയാടുന്നവരെല്ലാം പുരുഷന്മാരും. അതില്‍ നിന്നും വ്യത്യസ്‍തമായി സ്‌ത്രീകൾ തന്നെ കെട്ടിയാടുന്ന ഒരു തെയ്യക്കോലവുമുണ്ട് കണ്ണൂർ ജില്ലയിലെ മാട്ടൂല്‍ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപില്‍. അതാണ് ദേവക്കൂത്തും ‘വള്ളിയമ്മ’എന്ന തെയ്യക്കോലവും.
പൂവുകള്‍ ശേഖരിക്കാൻ മേല്‍ലോകത്തു നിന്നും ദേവകന്യകള്‍ ഇവിടെയെത്തുക പതിവായിരുന്നു. അങ്ങനെ പൂവ് തേടിയെത്തി ഈ ദ്വീപില്‍ അകപ്പെട്ടുപോയ ദേവകന്യകയുടെ കഥയാണ് ദേവക്കൂത്തിന്‍റെ ഐതിഹ്യം. രണ്ടു വർഷത്തിലൊരിക്കൽ കെട്ടിയാടുന്ന ഈ തെയ്യത്തിന്‍റെ കോലാവകാശം മലയസ്ഥാനികരുടെ ഭാര്യയായ സ്‍ത്രീക്കാണ്.
2012 മുതല്‍ മാടായിയിലെ കണ്ണൻ പണിക്കരുടെ ഭാര്യയായ എംവി അംബുജാക്ഷിയാണ് ദേവക്കൂത്ത് കെട്ടിയാടുന്നത്. ഇതിന് മുമ്പ് മാടായിയിലെ കേളുപ്പണിക്കരുടെ ഭാര്യയായ ലക്ഷ്‍മി ആയിരുന്നു തെയ്യം കെട്ടിയാടിയിരുന്നത്. ഒന്നിടവിട്ട വർഷങ്ങളിൽ ധനുമാസം ആദ്യമാണ് ദേവക്കൂത്ത് നടക്കുന്നത്.
കോലം കെട്ടുന്നതിന് മുന്നോടിയായി കോലധാരിയായ സ്‍ത്രീ വ്രതമെടുക്കണം. മൽസ്യമാംസാദികൾ പൂർണമായി ഉപേക്ഷിച്ച് 41 ദിവസത്തെ വ്രതം. ദേവക്കൂത്തിന് തലേന്ന് കോലധാരിയും കൂട്ടുകാരും കാവിലെത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. അവിടെ പ്രത്യേകം തയ്യാറാക്കിയ കുച്ചിലില്‍ പ്രവേശിക്കുന്നതോടെ കോലം ധരിക്കുന്നതുവരെ പിന്നെ ആരെയും കാണില്ല.
ഒറ്റയ്ക്കായിരിക്കും താമസം. കോലധാരിയെ അണിയിച്ചൊരുക്കാൻ പ്രത്യേക അവകാശമുള്ള മലയന്മാരുണ്ട്. ലളിതമായ തേപ്പും കുറിയും എന്ന മുഖത്തെഴുത്താണ് ദേവക്കൂത്തിന്. ചുവപ്പും വെള്ളയും ചേര്‍ന്ന ഞൊറിഞ്ഞുടുപ്പാണ് അരയില്‍.
തലയില്‍ തലപ്പാളിയും ചെറിയൊരു തൊപ്പിക്കിരീടവും. ചായില്യം കൊണ്ട് ചുവപ്പിച്ച പാദങ്ങളില്‍ ചിലമ്പിന് പകരം പ്രത്യേകതരം പാദസരം. മൃദുവായ ചെണ്ടവാദ്യത്തിന്‍റെ അകമ്പടിയോടെ രണ്ടു സ്‌ത്രീകൾ പിടിച്ച ചുവന്ന മറ പറ്റിയാണു ദേവക്കൂത്തിലെ കോലം ക്ഷേത്രനടയ്ക്കൽ എത്തുന്നത്.
ചിറയ്ക്കൽ തമ്പുരാന്‍റെ കാലത്തോളം പഴക്കമുണ്ട് ദേവക്കൂത്തിനെന്ന് കരുതപ്പെടുന്നു. ദീർഘകാലം ഇതു മുടങ്ങിക്കിടന്നെങ്കിലും മൂന്നരപ്പതിറ്റാണ്ട് മുമ്പ് പുനർജനിച്ചു.