കണ്ണൂർ: ആറളം ഫാമിൻ വീണ്ടും കാട്ടാന ശല്യം രൂക്ഷമായതായി പരാതി. രാത്രി കാലങ്ങളിൽ തോട്ടങ്ങളിൽ ഇറങ്ങിയ ആനക്കൂട്ടം നേരം വെളുത്തിട്ടും തിരിച്ച് പോകാത്ത അവസ്ഥയിലാണ്. രാവിലെ എട്ട് മണിക്കും എട്ടാം ബ്ലോക്ക് ഓഫീസിനടുത്ത് കാട്ടാനകൾ നിലയുറപ്പിച്ചതായി തൊഴിലാളികൾ പറയുന്നു. അഞ്ചോളം ആനകളാണ് ഭീതി പരത്തി ഇവിടെയുണ്ടായിരുന്നതെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് തങ്ങൾ ആനയുടെ മുന്നിൽ പെടാതിരുന്നതെന്നും തൊഴിലാളികൾ പറഞ്ഞു.
ആറളം ഫാമിൻ വീണ്ടും കാട്ടാന ശല്യം രൂക്ഷം
വർഷങ്ങളായി ആറളം ഫാമിലും പരിസര പ്രദശങ്ങളിലും കാട്ടാനകൾ ഭീതി പരത്തുകയാണ്. കാലാങ്കി അപ്പർ കലാങ്കി ഭാഗങ്ങളിൽ ഒരാഴ്ചയായി തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടം പ്രദേശവാസികളുടെ കൃഷിയിടങ്ങൾ നശിപ്പിച്ചു
തൊഴിലാളികൾ ശബ്ദം ഉണ്ടാക്കിയതോടെയാണ് ആനക്കൂട്ടം കാട്ടിലേക്ക് കയറിയത്. പോകുന്ന വഴി ഓഫീസീനടുത്തുള്ള ഇലക്ട്രിക്ക് പോസ്റ്റും ആനകൾ ചവിട്ടി മറിച്ചു. വർഷങ്ങളായി ആറളം ഫാമിലും പരിസര പ്രദശങ്ങളിലും കാട്ടാനകൾ ഭീതി പരത്തുകയാണ്. കാലാങ്കി അപ്പർ കലാങ്കി ഭാഗങ്ങളിൽ ഒരാഴ്ചയായി തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടം പ്രദേശവാസികളുടെ കൃഷിയിടങ്ങൾ നശിപ്പിച്ചതായി പ്രദേശവാസിയായ സജി പറഞ്ഞു. പ്രദേശവാസികളായ ചാക്കോ, ലിസി, വർഗീസ്, സജി, സുബി, ആന്‍റണി, വർഗീസ് തുടങ്ങിയ ഇരുപതോളം കർഷകരുടെ വാഴ, കപ്പ, കശുമാവ്, തെങ്ങ് തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്.
അതേസമയം നിരന്തരമായി കാട്ടാന ശല്യം ഉണ്ടാവുന്ന ജനവാസ കേന്ദ്രങ്ങൾ അഡ്വ.സണ്ണി ജോസഫ് എംഎൽഎയും വൈൽഡ് ലൈഫ് വാർഡൻ സജിനയും സന്ദർശിച്ചു. നിരന്തരമായി കാട്ടാനകൾ എത്തുന്ന കണിച്ചാർ പഞ്ചായത്തിലെ അണുങ്ങോട്, മഠപ്പുരച്ചാൽ ,ഓടം തോട് ,മുഴക്കുന്ന് പഞ്ചായത്തിലെ പെരുമ്പുന്ന എന്നീ പ്രദേശങ്ങളാണ് സന്ദർശിച്ചത്.