കണ്ണൂര്‍:ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രഘു കണ്ണന്‍റെ (43) മൃതദേഹം സംസ്‌കരിച്ചു. പരിയാരം മെഡിക്കല്‍ കോളജിലെ പോസ്‌റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മൃതദേഹം കുടുംബത്തിന് വിട്ട് നല്‍കിയത്. സംസ്‌കാര ചടങ്ങില്‍ പൊലീസെത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. വന്യമൃഗ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടും അതിനെതിരെ നടപടി സ്വീകരിക്കാത്തതിനെ ചൊല്ലിയാണ് നാട്ടുകാരെത്തിയത്. പൊലീസ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ പത്താം ബ്ലോക്കിൽ താമസിക്കുന്ന രഘു കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് സംഭവം. റോഡിന് അപ്പുറമുള്ള തോട്ടത്തില്‍ വിറക് ശേഖരിക്കാന്‍ പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.
രഘുവിനൊപ്പമുണ്ടായിരുന്ന അയല്‍വാസി ബിജു തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തിനിരയായ രഘുവിനെ സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും വനം വകുപ്പിന്‍റെ ആര്‍ആര്‍ടി സംഘവുമെത്തി പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വന്യമൃഗ രോഷത്തില്‍ പൊലിഞ്ഞ ജീവനുകള്‍:ഒരു വര്‍ഷത്തിനിടെ ആറളം ഫാമില്‍ മാത്രം നാല് പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. രഘുവിന്‍റെ മരണത്തോടെ മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസികളുടെ എണ്ണം 11 ആയി. കഴിഞ്ഞ വര്‍ഷം ജനുവരി 31ന് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ചെത്ത് തൊഴിലാളിയായിരുന്ന ആക്രമണത്തിലെ അവസാന ഇര. കഴിഞ്ഞ വര്‍ഷം തന്നെയുണ്ടായ മറ്റൊരു കാട്ടാന ആക്രമണമായിരുന്നു ബ്ലോക്ക് ഏഴിൽ പുതുശേരി ദാമു എന്നയാളുടേത്.
പരിഹാരം തേടി ജനങ്ങള്‍ കണ്‍തുറക്കാതെ അധികൃതര്‍:കാട്ടാന ആക്രമണത്തില്‍ ഓരോ ജീവനുകള്‍ പൊലിയുമ്പോഴും പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങും. നാട്ടുകാരുടെ പ്രതിഷേധം കനക്കുമ്പോള്‍ വനംവകുപ്പും ഭരണകൂടവും ഉടന്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കി സാഹചര്യം തണുപ്പിക്കും. രഘുവിന്‍റെ സംസ്‌കാര ചടങ്ങിനിടെയുണ്ടായ പ്രതിഷേധം ഇതേ വിഷയം ആവശ്യപ്പെട്ട് കൊണ്ടായിരുന്നു.