കണ്ണൂര്‍ : ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ ജനങ്ങളുടെ ഉറക്കം കെടുത്തി വന്യജീവി ശല്യം. മേഖലയില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്ന് അറിയിച്ചിട്ടും വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ജനങ്ങളുടെ പരാതി. പൊറുതിമുട്ടിയ ജനങ്ങള്‍ പരാതി നല്‍കിയിട്ടും കടുവയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അധികൃതരെന്നും ആരോപണം (Wild Animals Attack In Kannur).
ഏതാനും മാസങ്ങള്‍ മുമ്പ് കേളകം-കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍ പുലിയുടെ സാന്നിധ്യം ഉണ്ടായി. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ തന്നെ വനംവകുപ്പില്‍ വിവരം അറിയിച്ചു. എന്നാല്‍ ഇതിനെതിരെ യാതൊരുവിധ നടപടിയും വനം വകുപ്പ് അധികൃതര്‍ കൈകൊണ്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധ സമരങ്ങള്‍ അടക്കം സംഘടിപ്പിച്ചു. കൂടുവച്ച് പുലിയെ പിടികൂടണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. പ്രതിഷേധ സമരങ്ങള്‍ നടത്തിയെന്നതല്ലാതെ പുലിയെ പിടികൂടുന്ന കാര്യത്തില്‍ വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നും നടപടികളുണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത് (Wildlife Attacks In Kannur).
കടുവയെ കണ്ടെന്ന് വിവരം നല്‍കിയാല്‍ അത് പുലിയാണെന്ന് പറഞ്ഞ് തള്ളുന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. മലയോര മേഖലയില്‍ കടുവയും പുലിയും എത്തുന്നത് സാധാരണമാണ്. എന്നാല്‍ പകല്‍ സമയത്ത് പോലും പോത്തിനെ കടുവ ആക്രമിക്കുന്ന സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഇതിനെതിരെ അധികൃതര്‍ കണ്ണുതുറക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി (Forest Department).
കഴിഞ്ഞ ദിവസം ശാന്തിഗിരിയിലെ ഒരു വീടിന്‍റെ വരാന്തയില്‍ നിന്നും വളര്‍ത്തുനായയെ കടുവ ആക്രമിച്ചു. പരാതിയുമായി വനം വകുപ്പിനെ സമീപിച്ചപ്പോള്‍ അത് പുലിയാണെന്നായിരുന്നു മറുപടി. കടുവകള്‍ നായകളെ അക്രമിക്കില്ലെന്നും പുലിയാണ് നായകളെ അക്രമിക്കുകയെന്നും വനം വകുപ്പ് വിശദീകരിച്ചു. സംഭവത്തില്‍ ഇത്തരം വിശദീകരണം നല്‍കി എന്നല്ലാതെ മറ്റൊരു നടപടികളും ഉണ്ടായില്ലെന്നും വീട്ടുടമ പറയുന്നു. വന്യജീവി ആക്രമണത്തെ ലഘൂകരിച്ച് കാണുന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിച്ച് വരുന്നത്.