കണ്ണൂർ : കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പുതുതായി അനുവദിച്ച വൈറോളജി ലാബ് പ്രവര്‍ത്തനമാരംഭിച്ചു. ടി.വി.രാജേഷ് എം.എൽ.എ പുതിയ ലാബ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ലാബിന് അനുമതി നൽകിയത്.
കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വൈറോളജി ലാബ് പ്രവര്‍ത്തനമാരംഭിച്ചു
വൈറോളജി ലാബ് വന്നതോടെ ആറ് മണിക്കൂര്‍ കൊണ്ട് പരിശോധന റിപ്പോര്‍ട്ട് ലഭ്യമാക്കാനാകും
വൈറോളജി ലാബ് വന്നതോടെ ആറ് മണിക്കൂര്‍ കൊണ്ട് പരിശോധന റിപ്പോര്‍ട്ട് ലഭ്യമാക്കാനാകും. 2,800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള യു.വി. സ്റ്റൈറിലൈസ്ഡ് ആയിട്ടുള്ള ലാബാണ് സജ്ജമാക്കിയിട്ടുള്ളത്. നാല് റിയല്‍ ടൈം പി.സി.ആര്‍ മെഷീനുകളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രാഥമികമായി ഇന്ന് 10 ടെസ്റ്റുകൾ നടത്തും. ഭാവിയില്‍ ഇവിടെ ഒരു ദിലസത്തിൽ അറുപത് ടെസ്റ്റ് വരെ നടത്താന്‍ സാധിക്കും. കൊവിഡ് 19 ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നിരവധി പേരാണ് പരിശോധനയ്ക്കായി എത്തുന്നത്. വിവിധ ജില്ലകളിലുള്ള കൊവിഡ് രോഗികളുടെ വർധനയും ഭാവിയിലെ ആവശ്യങ്ങളും പരിഗണിച്ചാണ് വൈറോളജി ലാബ് സ്ഥാപിച്ചതെന്ന് പ്രിൻസിപ്പൽ ഡോ.എൻ റോയ് പറഞ്ഞു. പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് സുരക്ഷക്കായുള്ള പി.പി.ഇ കിറ്റ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയാണ് പരിശോധന നടത്തുക.