തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച ഗൗരവകരമായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണറെ ആക്രമിക്കാനോ അപായപ്പെടുത്താനോ വി.സി ശ്രമിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞാല്‍ അത് അന്വേഷിക്കണം. ഉന്നതനായ ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിച്ച് ഇക്കാര്യത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ഗവര്‍ണറുടെ ആരോപണം ഗൗരവകരം, അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിഡി സതീശന്‍ - തിരുവനന്തപുരം
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച ആരോപണം ഗൗരവകരമാണെന്നും അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
കണ്ണൂര്‍ വി.സിയുടെ നിയമനം നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം നേരത്തെ തന്നെ പറഞ്ഞതാണ്. എന്നാല്‍ ഗവര്‍ണര്‍ അന്ന് അത് അംഗീകരിച്ചില്ല. അതിനാലാണ് ഗവര്‍ണറുമായി പ്രതിപക്ഷം പിണങ്ങിയത്. ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് വി.സിമാരെ ഉപയോഗിച്ച് സിപിഎം ബന്ധുക്കള്‍ക്ക് നിയമനം നല്‍കലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇതിനെ സര്‍ക്കാര്‍ ന്യായീകരിക്കുകയാണെന്നും തന്‍റെ ഓഫിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെ തന്നെ ആരോപണം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. ഈ മൗനം തുടര്‍ന്നാല്‍ മുഖ്യമന്ത്രി കൂടി അറിഞ്ഞാണ് ഈ നിയമനങ്ങളെന്ന് പ്രതിപക്ഷത്തിന് പറയേണ്ടി വരും. ബിജെപി കേന്ദ്രം എന്നൊക്കെ പറയാതെ ആരോപണത്തിന് മറുപടി പറയണം. ഏറാന്‍മൂളികളെ വി.സിമാരാക്കാനാണ് ഇപ്പോള്‍ നിയമഭേദഗതി കൊണ്ട് വരുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ സര്‍വകലാശാലകളില്‍ നടന്ന നിയമനങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.