വേനലിലും വറ്റാതെ വടുകുന്ദ തടാകം കണ്ണൂർ :ഭൂപ്രകൃതി കൊണ്ടും ചരിത്ര പ്രാധാന്യം കൊണ്ടും ശ്രദ്ധേയമായ ഇടമാണ് കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറ. ഇവിടുത്തെ വടുകുന്ദ ക്ഷേത്രത്തിനടുത്താണ് ഏത് കൊടിയ വേനലിലും വറ്റാത്ത തടാകം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 165 അടിയിലേറെ ഉയരെ ആണ് വടുകുന്ദ തടാകം നിൽക്കുന്നത്.
ഇവിടെ സമുദ്രങ്ങളിലും പുഴകളിലും ഉള്ളത് പോലെ വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്നതിന്‍റെ രഹസ്യം ഇന്നും ചുരുളഴിയാതെ കിടക്കുകയാണ്. ഇതാണ് ആരെയും അത്ഭുതപ്പെടുത്തുന്നതും. ചുറ്റും പാറക്കെട്ടുകള്‍ നിറഞ്ഞ് വരണ്ടുണങ്ങിയ ഏക്കറുകണക്കിന് ഭൂമിയില്‍ പാറക്കുളം പോലെയാണ് ഇതിന്‍റെ രൂപം.
മഴക്കാലത്ത് ഹരിത കാഴ്‌ചയായും വേനലിൽ കുളിർ നൽകുന്ന തടാകമായും വടുകുന്ദ തടാകം മാറുന്നു. ഈ തടാകത്തെ ആശ്രയിച്ച് നിരവധി പക്ഷികളും മൃഗങ്ങളും ദാഹനീരുതേടി ഇവിടെ എത്താറുണ്ട്. ഇവ കൊടും ചൂടില്‍ നിന്ന് രക്ഷ തേടി തടാകത്തിലെത്തുന്നതും കൗതുക കാഴ്ചയാണ്.
മാടായിപ്പാറയുടെ വിവിധ ഭാഗങ്ങളില്‍ കിണറുകളും കുളങ്ങളും ഉണ്ടെങ്കിലും മാര്‍ച്ച് മാസത്തോടെ അവയെല്ലാം വറ്റുക പതിവാണ്. എന്നാല്‍ വടുകുന്ദ തടാകം ജല സമൃദ്ധിയാല്‍ നിലകൊള്ളുന്ന കാഴ്ചയായിരിക്കും എന്നും. മറ്റെവിടെയും കാണാത്ത രീതിയിൽ മണ്ണിന്‍റെ പ്രത്യേകത ആണ് ഇത്തരത്തിൽ വെള്ളം വറ്റാതിരിക്കാൻ കാരണം എന്നാണ് പരിസ്ഥിതി പ്രവർത്തകർ ഉൾപ്പടെ പറയുന്നത്.
ഇവിടുത്തെ മണ്ണ് ഒരു തുള്ളി വെള്ളം പോലും ഭൂമിക്ക് അകത്തേക്ക് കടത്തി വിടുന്നില്ല എന്നതാണ് പ്രത്യേകത. ഈ പ്രദേശത്താണ് മുൻപ് ചൈന ക്ലേ കമ്പനി പ്രവർത്തിച്ചത്. ഇവിടുത്തെ മണ്ണിന്‍റെ പ്രത്യേകത കൊണ്ടാവാം ഇതെന്നാണ് ഇവിടെ ഉള്ളവർ പറയുന്നത്.
മാടായിക്കാവ് പൂരോത്സവ സമാപനത്തോടനുബന്ധിച്ചുള്ള പൂരംകുളി നടക്കുന്നത് ഈ തടാകത്തിലാണ്. പൂരോത്സവവുമായി ബന്ധപ്പെട്ട ദാരികനിഗ്രഹത്തിനുപോയ ദേവിയുടെ കോപം ശമിപ്പിക്കാൻ പ്രത്യക്ഷപ്പെട്ട ശിവൻ ഉണ്ടാക്കിയതാണ് ഈ തടാകം എന്നാണ് ഐതിഹ്യം. ഈ തടാകത്തിൽ നീരാടി ദേവി ശാന്തയായെന്നും ശിവൻ സ്വയം ഭൂവായി മാടായിപ്പാറയിൽ ഉണ്ടായതാണ് വടുകുന്ദ ക്ഷേത്രം എന്നുമാണ് ഐതിഹ്യം. മാടായിപ്പാറയില്‍ വരുന്ന സഞ്ചാരികൾ വടുകുന്ദ തടാകക്കരയിലും എത്താറുണ്ട്. മീന മാസത്തിലെ ഉത്സവത്തിന്‍റെ പ്രധാന കേന്ദ്രവും മാടായി പാറയും വടുകുന്ദ തടാകവുമാണ്.
ചരിത്രമുറങ്ങുന്ന മാടായിപ്പാറ : വിനോദ സഞ്ചാരികൾ ഏറെ ഇഷ്‌ടപ്പെടുന്ന ഇടമാണ് കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിലെ മാടായി പാറയും പ്രദേശവും. മാടായിപ്പാറയും വടുകുന്ദ ക്ഷേത്രവും ജൂതക്കുളവും ഏറെ ചരിത്ര പ്രാധാന്യമുള്ള ഇടമാണ്. മാടായി കോട്ട, തെക്കിനിക്കൽ കോട്ട ദാരികൻ കോട്ട എന്നിങ്ങനെ അറിയപ്പെടുന്ന ഒരു കോട്ടയുമുണ്ട് മാടായിപ്പാറയിൽ. 200 വർഷം മുമ്പ് ഭരിച്ചിരുന്ന മൂഷിക രാജവംശത്തിലെ വല്ലഭൻ രാജാവ് പണികഴിപ്പിച്ച കോട്ടയാണ് ഇതെന്നാണ് ചരിത്ര നിരീക്ഷകർ പറയുന്നത്. ആറ് ഗോപുരങ്ങളും നിരീക്ഷണ ഗോപുരവും അടങ്ങിയ ഈ കോട്ട അനേകം യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.