കണ്ണൂര്‍:തളിപ്പറമ്പ് പടപ്പേങ്ങാട് താലൂക്ക് സപ്ലൈ ഓഫീസർ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകള്‍ പടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് പടപ്പേങ്ങാട് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ഷൈജുവിന്‍റെ വീട്ടിലായിരുന്നു റെയ്‌ഡ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള രണ്ട് സിലിണ്ടറുകളും ഗാർഹിക ആവശ്യങ്ങൾക്കുള്ള മൂന്ന് സിലിണ്ടറുകളുമാണ് പിടികൂടിയത്.
അനധികൃതമായി കൈക്കലാക്കുന്ന ഗാർഹിക സിലിണ്ടറുകളിൽ നിന്നും ഗ്യാസ് വാണിജ്യ സിലിണ്ടറിലേക്ക് നിറച്ച് വലിയ വിലക്ക് വിൽപന നടത്തുന്നതാണ് പ്രതികളുടെ രീതി. വന്‍ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Also Read: തിക്കോടിയില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
ഗാർഹിക സിലിണ്ടറിന് 919.5 രൂപയും വാണിജ്യ സിലിണ്ടറിന് 2153 രൂപയുമാണ് നിലവിലെ വില. ഇരട്ടിയിലധികം തുകക്കാണ് ഇവര്‍ സിലിണ്ടര്‍ അനധികൃതമായി കൈക്കലാക്കുന്നതെന്ന് താലൂക്ക് സപ്ലൈ ഓഫിസർ പി.കെ അനിൽ പറഞ്ഞു. പിടികൂടിയ സിലിണ്ടർ സമീപത്തെ കെ.വി ഭാരത് ഗ്യാസ് ഏജൻസിക്ക് കൈമാറി.
സിലിണ്ടർ കണ്ടെത്തിയ വീട്ടുടമ ഷൈജു ഗ്യാസ് ഏജൻസിയുടെ ഡെലിവറി ബോയ് ആയി ജോലിചെയ്യുകയാണ്. ഇയാൾ ഏജൻസിയെ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും ഏജൻസിക്ക് ഇതിൽ പങ്ക് ഉണ്ടോയെന്നും അധികാരികൾ അന്വേഷിക്കും. അനധികൃത സിലിണ്ടർ കണ്ടെത്തിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജില്ലാ സപ്ലൈ ഓഫിസർ മുഖേന കലക്ടർക്ക് സമർപ്പിക്കും.