കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ റീപോളിങ് വേണമെന്ന ആവശ്യവുമായി യുഡിഎഫ് സ്ഥാനാർഥി വി.പി അബ്‌ദുൾ റഷീദ്. മണ്ഡലത്തിലെ ആന്തൂർ മുൻസിപ്പാലിറ്റിയിലും പരിയാരം, കുറ്റ്യാട്ടൂർ, മലപ്പട്ടം പഞ്ചായത്തുകളിലും റീപോളിങ് നടത്തണമെന്നാണ് ആവശ്യം. ജനാധിപത്യത്തെ വ്യഭിചരിച്ചാണ് തളിപ്പറമ്പില്‍ തെരഞ്ഞെടുപ്പ് നടന്നതെന്നും 100ലധികം ബൂത്തുകൾ സിപിഎം പിടിച്ചെടുത്തെന്നും അബ്ദുള്‍ റഷീദ് ആരോപിച്ചു.
തളിപ്പറമ്പ് മണ്ഡലത്തിൽ റീപോളിങ് വേണമെന്ന് യുഡിഎഫ് - re-poll in Taliparamba constituency
തോൽവി ഭയന്ന് ഇടതുസ്ഥാനാർഥി നേരിട്ടാണ് ഇത്തരം ക്രിമിനൽ നടപടികൾക്ക് ചുക്കാൻ പിടിക്കുന്നതെന്ന് വി.പി അബ്ദുള്‍ റഷീദ്.
പോളിങ് ആരംഭിച്ചത് മുതൽ തളിപ്പറമ്പ് മണ്ഡലത്തിലെ ബൂത്തുകളിലെല്ലാം സിപിഎം വ്യാപകമായി കള്ളവോട്ടുകൾ ചെയ്തെന്നാണ് ആരോപണം. ചോദ്യം ചെയ്ത യുഡിഎഫിന്‍റെ ബൂത്ത് ഏജന്‍റിനെയും വോട്ട് ചെയ്യാൻ എത്തിയവരെയും അടക്കം ക്രൂരമായി മർദ്ദിക്കുന്ന സ്ഥിതിയുണ്ടായി. സ്ഥാനാർഥിയെ അടക്കം ബൂത്തിൽ ഇരിക്കാൻ സമ്മതിക്കാത്ത സാഹചര്യമായിരുന്നു. സ്ഥാനാർഥിയുടെ കൺമുന്നിൽ പോലും കള്ളവോട്ട് ചെയ്തത് ചോദ്യം ചെയ്തപ്പോൾ ഇടതുപക്ഷ അനുഭാവികളായ പ്രിസൈഡിങ് ഓഫീസർ ഭീഷണിപ്പെടുത്തുകയും ഇറങ്ങിപ്പോകാൻ ആജ്ഞാപിക്കുകയുമാണ് ചെയ്‌തത്. തോൽവി ഭയന്ന് ഇടതുസ്ഥാനാർഥി നേരിട്ടാണ് ഇത്തരം ക്രിമിനൽ നടപടികൾക്ക് ചുക്കാൻ പിടിക്കുന്നത്. പരസ്യമായി ആഹ്വാനം ചെയ്ത് കള്ളവോട്ട് നടപ്പാക്കുന്ന അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അബ്ദുള്‍ റഷീദ് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മിഷനെ നോക്കുകുത്തിയാക്കുന്ന തെരഞ്ഞെടുപ്പാണ് തളിപ്പറമ്പിൽ നടന്നത്. പൊലീസിൽ നിന്നോ ജില്ല വരണാധികാരിയിൽ നിന്നോ യാതൊരുവിധ സഹായവും ലഭിച്ചില്ല. ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രവര്‍ത്തിയാണ് തളിപ്പറമ്പിൽ നടന്നത്. റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.