കണ്ണൂർ:ടിപി കേസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്. ടിപി ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെൻട്രൽ ജയിലില്‍ തടവില്‍ കഴിയുന്ന ടികെ രജീഷിനെയാണ് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. രജീഷിന്‍റെ നിര്‍ദേശ പ്രകാരം ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമിച്ചെന്ന കേസിലാണ് നടപടി.
ബെംഗളൂരുവിൽ നിന്നെത്തിയ പൊലീസ് സംഘമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രജീഷിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം കർണാടക പൊലീസ് നടത്തിയ പരിശോധനയിൽ തോക്കുകളുമായി കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് മലയാളികളെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്നും കണ്ണൂർ ജയിലിൽ കഴിയുന്ന ടികെ രജീഷിന്‍റെ നിർദേശ പ്രകാരമാണ് കേരളത്തിലേക്ക് തോക്ക് കൊണ്ട് പോകുന്നതെന്ന് വ്യക്തമാവുകയായിരുന്നു.
പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടികെ രജീഷിനെ ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ കേസിലെ ടികെ രജീഷിന്‍റെ പങ്കെന്തെന്ന് വ്യക്തമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
കൊലപാതകത്തിന്‍റെ ചുരുക്കഴിച്ച് കർണാടക പൊലീസ്:ഭാര്യയും മകളും കാമുകനും ചേർന്ന് മധ്യവയസ്‌കനെ കൊലപ്പടുത്തിയ സംഭവത്തിന്‍റെ ചുരുളഴിച്ച് കർണാടക പൊലീസ്. ബെലെഗാവി സ്വദേശിയായ സുധീർ കാംബ്ലെ (57) ആണ് കഴിഞ്ഞ വർഷം സെപ്‌റ്റംബർ 17ന് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ദുബായിൽ നിന്നും മടങ്ങിയെത്തി നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി വരികയായിരുന്നു കാംബ്ലെ. ഇയാൾ ഭാര്യ രോഹിണിയെ നിരന്തരം ഉപദ്രവിച്ചിരുന്നയി പൊലീസ് പറയുന്നു. ഉപദ്രവം താങ്ങാനാകാതെ രോഹിണി പൂനെയിൽ ഹോട്ടൽ മാനേജ്‌മെന്‍റ് വിദ്യാർഥിയായ മകൾ സ്‌നേഹയെ ഇക്കാര്യം അറിയിച്ചു.
അതേസമയം സ്‌നേഹയും കാമുകനായ പൂനെ സ്വദേശി അക്ഷയ വിതാകറും തമ്മിലുള്ള ബന്ധം അറിഞ്ഞ കാംബ്ലെ മകളെ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതിൽ അസ്വസ്ഥയായ സ്നേഹ പിതാവിനെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം സ്നേഹ രോഹിണിയെയും വിതാകറിനെയും അറിയിച്ചു. സ്നേഹയുടെ തീരുമാനത്തെ ഇരുവരും പിന്തുണക്കുകയും മൂന്ന് പേരും ചേർന്ന് കൊലപാതകത്തിന് പദ്ധതികൾ തയാറാക്കുകയും ആയിരുന്നു.
സെപ്റ്റംബർ 15ന് പൂനെയിൽ നിന്ന് വിതാകർ ബെലെഗാവിയിലെത്തുകയും പ്രദേശത്തെ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയും ചെയ്‌തു. സെപ്‌റ്റംബർ 17ന് രാത്രി വിതാകറിന് വീടിനുള്ളിൽ കടക്കാനായി രോഹിണിയും സ്നേഹയും പിൻവാതിൽ തുറന്നിട്ടിരുന്നു. പദ്ധതി പ്രകാരം രാത്രി പിൻവാതിലിലൂടെ അകത്തുകടന്ന വിതാകർ ഉറങ്ങിക്കിടന്ന കാംബ്ലെയെ കുത്തിക്കൊലപ്പെടുത്തി. വയറ്റിലും കഴുത്തിലും മുഖത്തും കുത്തിയ ശേഷം പിൻവാതിലിലൂടെ വിതാകർ രക്ഷപ്പെട്ടു.
ദൃശ്യം സിനിമ കണ്ടാണ് തെളിവുകൾ ഇല്ലാതെ കൊലപാതകം നടത്തുന്നതിനെ കുറിച്ച് പഠിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികൾ കൊലപാതക വിവരം വെളിപ്പെടുത്തിയതെന്നും മൂന്ന് പേരെയും അറസ്റ്റ് ചെയ്‌തതായും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രവീന്ദ്ര ഗഡ അറിയിച്ചു.
READ MORE:'ദൃശ്യം കണ്ട് പ്ലാൻ തയ്യാറാക്കി': ഭാര്യയും മകളും കാമുകനും ചേർന്ന് മധ്യവയസ്‌കനെ കൊലപ്പെടുത്തി