കണ്ണൂർ: സംസ്ഥാന സർക്കാരിന്‍റെ പരസ്യത്തിന് വിലങ്ങു തടിയാവുന്നു എന്ന് പറഞ്ഞ് മൂന്നംഗ സംഘം താവക്കര ഗവണ്‍മെന്‍റ് എൽപി സ്‌കൂളിൽ അതിക്രമിച്ചു കയറി മരം മുറിച്ചതായി പരാതി. സ്‌കൂളിന്‍റെ എതിർവശത്തെ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച ലൈഫ് മിഷൻ പദ്ധതിയുടെ പരസ്യ ബോർഡിന് കാഴ്‌ച മറയുന്നു എന്ന കാരണത്താൽ ശനിയാഴ്‌ച (7-10-2023) സ്‌കൂൾ വളപ്പിലെ മരങ്ങളുടെ ശിഖിരങ്ങൾ അറുത്തു മാറ്റിയെന്നാണ് ആരോപണം. വെള്ളിയാഴ്‌ച (6-10-2023) ഉച്ച കഴിഞ്ഞ് മരം മുറിക്കണമെന്ന ആവശ്യവുമായി രണ്ടു പേർ താവക്കര ഗവൺമെന്‍റ് യുപി സ്‌കൂളിൽ എത്തിയിരുന്നു.
സ്‌കൂളിന്‍റെ പ്രധാന കവാടത്തിന് സമീപത്തുള്ള കെട്ടിടത്തിന് മുകളിലെ പരസ്യ ബോർഡിലേക്കുള്ള കാഴ്‌ച സ്‌കൂളിലെ മരങ്ങൾ മറയ്ക്കുന്നുവെന്നും അവ വെട്ടി മാറ്റണമെന്നും സ്‌കൂൾ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ സ്‌കൂൾ എന്ന കാരണത്താൽ സർക്കാർ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ നടപടിക്രമങ്ങൾ ഉണ്ടെന്ന മറുപടിയെ തുടർന്ന് അവർ പിരിഞ്ഞു പോകുകയായിരുന്നു. എന്നാൽ ശനിയാഴ്‌ച രാവിലെ ഏഴരയോടെ ആയുധങ്ങളുമായി എത്തിയ മൂന്നംഗ സംഘം ആളുകൾ അതിക്രമിച്ചു കയറി പ്രധാന കവാടത്തിന് സമീപത്തുള്ള കിണറിനോടു ചേർന്ന് നിന്നിരുന്ന മരത്തിന്‍റെ കൊമ്പുകൾ മുറിച്ചു മാറ്റിയെന്നാണ് ആരോപണം. (Three Members Group Trespassed Government School)