കണ്ണൂർ:മയ്യിൽ നണിയൂർ നമ്പ്രത്ത് ചന്ദനമരം കടത്താൻ ശ്രമിച്ച സംഘം പൊലീസ് പിടിയിൽ. നാട്ടുകാർ കണ്ടതിനെ തുടർന്ന് രക്ഷപ്പെടുന്നതിനിടെയാണ് പ്രതികൾ പരിയാരം പൊലീസിന്‍റെ പിടിയിലായത്. പരിയാരം മുടിക്കാനത്തെ പ്ലാക്കുഴി തോമസ്, അമ്മാനപ്പാറയിലെ പുല്ലുവളപ്പിൽ മുസമിൽ, കുണ്ടപ്പാറയിലെ മടക്കുടിയൻ വീട്ടിൽ പി. മണി എന്നിവരെയാണ് പരിയാരം സിഐ കെ.വി ബാബുവിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്.
കണ്ണൂർ മയ്യിൽ ചന്ദനമരം കടത്താൻ ശ്രമിച്ച സംഘം പിടിയിൽ - ചന്ദനമരം കടത്താൻ ശ്രമിച്ച സംഘം
രാത്രിയിൽ നണിയൂർ നമ്പ്രത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും ചന്ദനമരം മുറിക്കുന്നതിനിടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്
രാത്രിയിൽ നണിയൂർ നമ്പ്രത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും ചന്ദനമരം മുറിക്കുന്നതിനിടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ കല്ലെറിഞ്ഞതിനെ തുടർന്ന് മൂന്നംഗ സംഘം കാറിൽ രക്ഷപ്പെട്ടു. തളിപ്പറമ്പ് ഭാഗത്തേക്ക് പോയെന്ന വിവരം ലഭിച്ച മയ്യിൽ പൊലീസ് തളിപ്പറമ്പ്, പരിയാരം, പയ്യന്നൂർ സ്റ്റേഷനുകളിൽ വിവരം അറിയിച്ചു. കാറിന്‍റെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പുലർച്ചയോടെ പ്രതികളെ വീട്ടിലെത്തി അറസ്റ്റ് ചെയ്‌തു. ഇവർ സഞ്ചരിച്ച കെ.എൽ 01 എ 9730 ഫോർഡ് കാറും ചന്ദന മരവും രണ്ട് ഈർച്ച വാളുകളും കത്തിയും മയ്യിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.