കണ്ണൂര്‍:വിശ്വാസികളിൽ നിന്നും ദക്ഷിണയായി ലഭിച്ച ഏഴായിരം രൂപ വിദ്യാർഥിനിയുടെ ചികിത്സാനിധിയിലേക്ക് നൽകി തെയ്യം കലാകാരൻ. കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ ഹൃദ്യയുടെ ചികിത്സാനിധിയിലേക്കാണ് കലാകാരൻ സജീവൻ കുറുവാട്ട് സംഭാവന നല്‍കിയത്. കുഞ്ഞിമംഗലം താമരംകുളങ്ങര മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന കെട്ടിയാടുന്ന കലാകാരനാണ് ഇയാള്‍.
ദക്ഷിണ ലഭിച്ച തുക വിദ്യാർഥിനിയുടെ ചികിത്സാനിധിയിലേക്ക് നൽകി; മാതൃകയായി തെയ്യം കലാകാരൻ
കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശി മൂശാരിക്കൊവ്വലിലെ തെയ്യം കലാകാരനാണ് ചികിത്സാനിധിയിലേക്ക് ദക്ഷിണ ലഭിച്ച പണം നല്‍കി മാതൃകയായത്
മടപ്പുര കമ്മിറ്റിയും ചികിത്സാനിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ വിവി ഹരിദാസിന്‍റേയും പിവി രമയുടേയും മകളാണ് ഹൃദ്യ. പിലാത്തറ സെൻ്റ് ജോസഫ് കോളജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയായ ഹൃദ്യയ്‌ക്ക് അത്യപൂർവമായ മസ്‌തിഷ്‌ക രോഗം ബാധിച്ച് മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയുമായി ബന്ധപ്പെട്ട് ഹൃദ്യയുടെ കുടുംബം ഇപ്പോൾ തന്നെ വലിയൊരു തുക ചെലവഴിച്ചുകഴിഞ്ഞു.
തുടർചികിത്സയ്ക്ക് 50 ലക്ഷം രൂപ ആവശ്യമായി വരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. ജാതി, മത ഭേദമന്യേ ഹൃദ്യയുടെ ചികിത്സയ്ക്കായി കുഞ്ഞിമംഗലം ഗ്രാമമാകെ ഒന്നിക്കുകയാണ്. ഏഴിലോട് ജമാഅത്ത് കമ്മറ്റി 86,500 രൂപയാണ് സംഭാവന നൽകിയത്.