കണ്ണൂർ: തല ചായ്ക്കാന്‍ സുരക്ഷിതമായ വീട് എന്നത് സ്വപ്‌നം മാത്രമായി മാറിയിരിക്കുകയാണ് കണ്ണൂർ പടിയൂര്‍ പഞ്ചായത്തിലെ ആര്യങ്കോട് സ്വദേശിനിയായ കുറ്റിക്കല്‍ ഷൈനിക്കും രണ്ട് മക്കൾക്കും. സ്ഥലത്തിന്‍റെ പട്ടയത്തിനായി വർഷങ്ങളായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയെങ്കിലും ഇവരുടെ സങ്കടം ആരും കേട്ടില്ല. പ്ലാസ്റ്റിക് ഷെഡിനുള്ളില്‍ ജീവിതം തള്ളി നീക്കുകയാണ് ഈ കുടുംബം.
മഴയായാലും വെയിലായാലും ഈ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും തല ചായ്ക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് വലിച്ചു കെട്ടിയ കുടിൽ മാത്രമാണ് ഏക ആലയം. കൂലിപ്പണിയ്ക്ക് പോയാണ് ഈ അമ്മ മക്കളെ പോറ്റുന്നത്. വിദ്യാഭ്യാസത്തില്‍ മികച്ച വിജയം നേടിയിരുന്ന മക്കളെ കൂടുതല്‍ പഠിപ്പിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും അതും ഒരു സ്വപ്നം മാത്രമായി. പ്രായപൂര്‍ത്തിയായ മകളെ ഈ കുടിലില്‍ താമസിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന കാരണത്താല്‍ ഹോസ്റ്റലിലാണ് നിര്‍ത്തിയിരിക്കുന്നത്.
26 വർഷമായി താമസിക്കുന്ന സ്ഥലത്തിന് പട്ടയം ഇല്ല; വീട് സ്വപനം കണ്ട് ഒരു കുടുംബം വാടക വീട്ടില്‍ ആയിരുന്ന ഷൈനി മകളുടെ ഹോസ്റ്റല്‍ ഫീസും, വീട്ടുവാടകയും താങ്ങാന്‍ സാധിക്കാതെ വന്നതോടെ താമസം കുടിലിലേക്ക് മാറ്റുകയായിരുന്നു. അമ്മയുടെ ബുദ്ധിമുട്ടും പ്രയാസങ്ങളും കണ്ട് വളര്‍ന്ന മകന്‍ അമ്മയെ സഹായിക്കാനായി ഒന്‍പതാം ക്ലാസിൽ പഠനം നിര്‍ത്തി കൂലിപ്പണിക്ക് പോയിത്തുടങ്ങി. സ്ഥലത്തിന് പട്ടയമില്ലാത്തതിനാല്‍ ബാങ്കുകളോ, ധനകാര്യ സ്ഥാപനങ്ങളോ വായ്പയും അനുവദിക്കുന്നില്ല. അതുകൊണ്ട് വീട് എന്ന ആഗ്രഹം വെറും സ്വപ്‌നമായിത്തന്നെ അവശേഷിക്കുന്നു.
മക്കള്‍ വളര്‍ന്നു വരുന്തോറും ഈ അമ്മയ്ക്ക് ആശങ്കയാണ്. 26 വര്‍ഷമായി താമസിച്ചുപോരുന്ന സ്ഥലത്തിന്റെ പട്ടയത്തിനായി മുട്ടാത്ത വാതിലുകള്‍ ഇല്ലെന്ന് ഈ അമ്മ പറയുന്നു. രണ്ട് വര്‍ഷം മുമ്പ് ആര്യങ്കോട് മേഖലയില്‍ നിരവധിയാളുകള്‍ക്ക് പട്ടയം നല്‍കിയെങ്കിലും ഈ കുടുംബത്തിന് പട്ടയം ലഭിച്ചില്ല. കുടിവെള്ളത്തിനായി സമീപ വീടുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും പ്രഭാതകൃത്യങ്ങള്‍ക്കായി ശൗചാലയം പോലും ഈ കുടുംബത്തിന് അന്യമാണ്.