തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ വൈദികര്‍ ഉപവാസ സമരം നടത്തുന്നു - കണ്ണൂര്‍ ലേറ്റസ്റ്റ്
ഡിസംബർ ഒമ്പതിന് ഒരു ലക്ഷം പേർ പങ്കെടുക്കുന്ന കർഷക റാലി, പൊതുസമ്മേളനം ,കലക്ട്രേറ്റ് ധർണ എന്നിവയും സംഘടിപ്പിക്കുമെന്ന് തലശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോർജ്ജ് ഞറളക്കാട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു
കണ്ണൂര്‍: തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആരംഭിച്ച ഉത്തര മലബാർ കർഷക പ്രക്ഷോഭസമരം ശക്തിയാര്‍ജിക്കുന്നു . സമരത്തിന്‍റെ ഭാഗമായി ഇരുന്നൂറോളം വൈദികരുടെ ഉപവാസവും, ഒരു ലക്ഷം പേർ പങ്കെടുക്കുന്ന മഹാ കർഷക സംഗമവും സംഘടിപ്പിക്കാനൊരുങ്ങുകയാണ് അതിരൂപത.
പാണത്തൂർ മുതൽ കൊട്ടിയൂർ വരെയുള്ള പ്രദേശങ്ങളിൽ ആനമതിൽ നിർമ്മിക്കുക , വന്യമൃഗ ശല്യത്തിനിരയായാവർക്ക് നഷ്ടപരിഹാരം നല്‍കുക , കർഷകരുടെ കടങ്ങൾ എഴുതി തള്ളുക , കർഷകർക്ക് 10000 രൂപ പെൻഷൻ ഏർപ്പെടുത്തുക തുടങ്ങീ ആവശ്യങ്ങളുന്നയിച്ച് ഡിസംബർ രണ്ടിന് കണ്ണൂർ കലക്ട്രേറ്റിനു മുന്നിലാണ് ഉപവാസ സമരം സംഘടിപ്പിക്കുന്നത്. രാവിലെ പത്തുമണി മുതൽ നാല് മണി വരെയാണ് ഉപവാസം. സമരത്തിന്‍റെ ഭാഗമായി ഡിസംബർ 9ന് ഒരു ലക്ഷം പേർ പങ്കെടുക്കുന്ന കർഷക റാലിയും നടത്തുമെന്ന് തലശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോർജ്ജ് ഞറളക്കാട്ട് പറഞ്ഞു. ബിഷപ്പ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാർ ജോസഫ് പാംപ്ലാനി, ജോസഫ് ഒറ്റപ്പാക്കൽ, ജോർജ്ജ് തയ്യിൽ, ദേവസ്യാ കൊങ്ങോല, ഡോ.എം.ജെ മാത്യു എന്നിവരും പങ്കെടുത്തു.