കോഴിക്കോട്: ഇന്ന് ദേശീയ അധ്യാപക ദിനം. കൊവിഡിൻ്റെ വലയത്തിൽ പെട്ട് വിദ്യാലയങ്ങൾ നിശ്ചലമായ അപൂർവ സാഹചര്യത്തിലാണ് ഈ ദിനവും കടന്നുപോകുന്നത്. ഈ വേളയിൽ അധ്യാപകരുടെ അവസ്ഥ എന്താണ്, പാഠ്യ പദ്ധതികൾ എങ്ങനെ പോകുന്നു, നമ്മുടെ വിദ്യാലയങ്ങളുടെ ഭാവി, ഓൺലൈൻ ക്ലാസുകളുടെ പ്രാധാന്യം, വിദ്യാഭ്യാസ നയത്തിൻ്റെ വരും വരായ്‌കകൾ, ഇതേ കുറിച്ചെല്ലാം വ്യക്തമാക്കുകയാണ് മികച്ച അധ്യാപകനുള്ള സംസ്ഥാന-ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ഡോ.പി.കെ ഷാജി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ പി.കെ ഷാജി കൊയിലാണ്ടി മോപ്പിള ഹയർ സെക്കൻ്ററി സ്‌കൂളിലെ പ്ലസ് ടു അധ്യാപകനാണ്.
സാമ്പത്തിക ശാസ്ത്രത്തില്‍ കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഡോക്‌ടറേറ്റ് കരസ്ഥമാക്കിയ ഈ യുവ അധ്യാപകൻ പരാജയപ്പെട്ടുപോയ വിദ്യാർഥികൾക്കായി ആരംഭിച്ച 'ഉയരെ'യുടെ സജീവ സാന്നിധ്യം കൂടിയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ ഒരു താൽക്കാലിക മാർഗമാണെങ്കിലും അധ്യാപക-വിദ്യാർഥി ബന്ധം തന്നെയാണ് ഊഷ്‌മളമെന്ന് ഈ അധ്യാപകൻ വ്യക്തമാക്കുന്നു. വിദ്യാർഥികൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുത് എന്ന സാഹചര്യം മാറി. എന്നാൽ ഓൺലൈൻ ക്ലാസിൻ്റെ പേരിൽ വിദ്യാർഥികൾ നടത്തുന്ന ദുരുപയോഗം ഏറെ ശ്രദ്ധിക്കേണ്ട വിഷയമാണ്. അതിന് ഓരോ രക്ഷിതാവും അധ്യാപകരാകണം. കുട്ടികൾ വഴിതെറ്റി പോകാതിരിക്കാൻ ജാഗ്രത വേണം. ഓൺലൈൻ പഠന രീതിയിൽ ആരും പൂർണ തൃപ്തരല്ല. വിദ്യാലയ അന്തരീക്ഷത്തിന് ബദലല്ല ഈ രീതി എന്നും അദ്ദേഹം പറയുന്നു.