കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ഥി കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി പരിയാരം ദന്തല്‍ കോളജ് വിദ്യാര്‍ഥികള്‍. കഴിഞ്ഞ 20നാണ് അവസാന വർഷ ബിഡിഎസ് വിദ്യാർഥി മിത മോഹൻ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. മിതയുടെ മരണത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് അധികൃതർ പുറത്തുവിട്ട പത്രക്കുറിപ്പിൽ പ്രതിഷേധിച്ച് അവസാന വർഷ ബാച്ചിലെ വിദ്യാർഥികൾ പ്രതിഷേധ സൂചകമായി ക്ലാസുകൾ ബഹിഷ്ക്കരിച്ച് സമരരംഗത്തിറങ്ങിയിരുന്നു.
ബിഡിഎസ് വിദ്യാര്‍ഥിയുടെ മരണം; പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ഥികള്‍ - പ്രതിഷേധം ശക്തമാക്കി പരിയാരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍
അവസാന വർഷ ബിഡിഎസ് വിദ്യാർഥി മിത മോഹനാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെ കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
മിതയുടെ മരണത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും ഇതില്‍ അന്വേഷണം നടക്കുകയുമാണ്. ഇതിനിടയിൽ തങ്ങളുടെ ഭാഗം ന്യായീകരിച്ച് മെഡിക്കൽ കോളജ് അധികൃതർ പുറപ്പെടുവിച്ച പത്രക്കുറിപ്പ് വസ്‌തുതാവിരുദ്ധമാണെന്നും അത് തിരുത്തി യഥാർത്ഥ കാര്യങ്ങൾ പത്രക്കുറിപ്പായി നൽകുന്നത് വരെ സമരം തുടരാനാണ് തീരുമാനമെന്നും ദന്തൽ കോളേജ് സ്റ്റുഡന്‍റ്‌സ് പ്രതിനിധി ആർ ശ്രീലക്ഷ്‌മി പറഞ്ഞു. ബുധനാഴ്ച്ച മുഴുവൻ വിദ്യാർഥികളും പഠിപ്പുമുടക്കി ക്യാമ്പസിൽ പ്രകടനം നടത്തി.
വിദ്യാർഥികളുടെ ആശങ്കകൾ അകറ്റുക, കാഷ്വാലിറ്റിയിലെ നിസാരവൽക്കരണത്തിനെതിരെ നടപടി സ്വീകരിക്കുക, പ്രത്യേക പരിചരണം നൽകി എന്ന ധൃതി പിടിച്ചുള്ള പത്രവാർത്ത തിരുത്തുക, എല്ലാവർക്കും ചികിത്സയിൽ തുല്യനീതി ഉറപ്പാക്കുക, വിദ്യാർഥികളുമായി അധികൃതർ നടത്തിയ ചർച്ചയിലെ ഉറപ്പുകൾ പാലിക്കുക, മരിച്ച വിദ്യാർഥിക്ക് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നും വിദ്യാർഥികൾ പറഞ്ഞു. യൂണിയൻ ചെയർമാൻ വിനായക് വിജയ്, ടി.പി അക്ഷയ് , ആർ. ശ്രീലക്ഷ്‌മി, ജെ.എം അൽ അമീർ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.