കണ്ണൂര്‍: എസ്‌എസ്‌എല്‍സി വിദ്യാര്‍ഥികള്‍ ഹോട്ടലില്‍ മറന്ന് വച്ച ഹാള്‍ ടിക്കറ്റുമായി പൊലീസ് ഉദ്യോഗസ്ഥര്‍ ബൈക്കില്‍ താണ്ടിയത് 12 കിലോമീറ്റര്‍.കേരള പൊലീസിന്‍റെ കൈത്താങ്ങില്‍ പരീക്ഷ എഴുതിയത് പഴയങ്ങാടി മാട്ടൂൽ ഇർഫാനിയ ജൂനിയർ അറബിക് കോളജിലെ അഞ്ച് വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളായ മുഹമ്മദ് സഹൽ, കെ.കെ അൻഷാദ്, എം.അനസ്, ഒ.പി ഷഹബാസ്, എം.പി നിഹാൽ എന്നിവരാണ് ഹോട്ടലില്‍ ഹാള്‍ ടിക്കറ്റ് മറന്ന് വച്ച് പോയത്. സ്‌ട്രൈക്കർ ഫോഴ്‌സിലെ സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, മുകേഷ് എന്നിവരാണ് ഹാള്‍ ടിക്കറ്റുമായി സ്‌കൂളിലേക്ക് പറന്നെത്തിയത്.
ചട്ടഞ്ചാൽ മലബാർ ഇസ്‍ലാമിക് സ്‌കൂളില്‍ എസ്‌എസ്‌എല്‍സി രസതന്ത്രം പരീക്ഷ എഴുതാനെത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. മാവേലി എക്‌സ്‌പ്രസിന് കാസര്‍കോട് വന്നിറങ്ങി പുതിയ ബസ് സ്റ്റാന്‍റിലെത്തിയ വിദ്യാര്‍ഥികള്‍ ചായ കുടിയ്‌ക്കാനായി ഹോട്ടലില്‍ കയറി. ചായ കുടിക്കുന്നതിനിടെ ചട്ടഞ്ചാൽ ഭാഗത്തേക്കുള്ള ബസ് വരികയും തിരക്ക് പിടിച്ച് അതിലേക്ക് ഓടി കയറുകയുമായിരുന്നു.
ബസ് 12 കിലോമീറ്റര്‍ പിന്നിട്ട് ചട്ടഞ്ചാലില്‍ ഇറങ്ങിയപ്പോഴാണ് ബാഗ് എടുത്തില്ലെന്ന് മനസിലായത്. 9.30നാണ് രസതന്ത്രം പരീക്ഷ ആരംഭിക്കുക. വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിയപ്പോള്‍ ഒന്‍പത് മണി കഴിഞ്ഞിരുന്നു. തിരിച്ച് പോകുന്നത് വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം അസാധ്യമായിരുന്നു. ഹാള്‍ ടിക്കറ്റില്ലാതെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനും കഴിയില്ല. ഇതോടെ ആശങ്കയിലായി വിദ്യാര്‍ഥികള്‍.
പ്രതീക്ഷയോടെ പൊലീസ് സ്റ്റേഷനിലേക്ക്:ഹാള്‍ ടിക്കറ്റ് പാതി വഴിയില്‍ മറന്ന് വച്ച വിദ്യാര്‍ഥികള്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ കുഴഞ്ഞിരിക്കുമ്പോഴാണ് പൊലീസിന്‍റെ സഹായം തേടാമെന്ന ചിന്ത വന്നത്. മറിച്ചൊന്നും ചിന്തിക്കാതെ അഞ്ച് പേരും കൂടി മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് ഓടി കിതച്ചെത്തി കാര്യം പറഞ്ഞു. കൂട്ടത്തില്‍ പലരും പൊലീസ് സ്റ്റേഷനിലേക്ക് കാലെടുത്ത് വയ്ക്കുന്നത് തന്നെ ഇതാദ്യമായാണ്.