കണ്ണൂര്‍: സംസ്ഥാന കായിക മേളയിൽ ഇരട്ട സ്വർണ്ണം നേടിയതിന്‍റെ ആഹ്ളാദത്തിലാണ് സനികയും ചാന്ദിനിയും. 3000 മീറ്റർ ഓട്ടത്തിലാണ് ഇരുവരും ആദ്യ സ്വർണ്ണം നേടിയത്. 1500 മീറ്റർ ഓട്ടത്തോടെ അത് ഇരട്ട വിജയമായി. ജൂനിയർ വിഭാഗത്തിൽ ഇരട്ട സ്വർണ്ണം നേടിയ സനിക കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.എസ് വിദ്യാർഥിനിയാണ്. സീനിയർ വിഭാഗത്തിൽ മത്സരിച്ച ചാന്ദിനി പാലക്കാട് കുമരംപുത്തൂർ സ്‌കൂളിനെ പ്രതിനിധീകരിച്ചാണ് കണ്ണൂരിലെത്തിയത്. മേളയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വിജയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ഇരട്ട സ്വർണ്ണം നേടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. നാളെ നടക്കാനുള്ള 800 മീറ്റർ ഓട്ടത്തിൽ മികച്ച പ്രകടനം കാഴ്‌ചവെക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് സനിക.
ഇരട്ട സ്വർണ്ണത്തിളക്കത്തില്‍ സനികയും ചാന്ദിനിയും - സംസ്ഥാന കായിക മേള കണ്ണൂര്‍
3000 മീറ്റർ ഓട്ടത്തിലാണ് ഇരുവരും ആദ്യ സ്വർണ്ണം നേടിയത്. 1500 മീറ്ററിലും വിജയിച്ചതോടെ ഇരട്ട സ്വര്‍ണം നേടി ട്രാക്കിലെ താരമായി മാറി ഇരുവരും.
3000 മീറ്റർ ഓട്ടത്തിൽ പാലക്കാടിന് വേണ്ടി ആദ്യ സ്വർണ്ണം നേടിയ പെൺകരുത്താണ് ചാന്ദിനി. തുടർച്ചയായി മൂന്നാം ദിവസവും മത്സരിച്ച ചാന്ദിനി മൂന്ന് ദിവസവും മിന്നും പ്രകടനമാണ് കാഴ്‌ച വെച്ചത്. കെ.എച്ച്.എസ് കുമാരംപുത്തൂർ വിദ്യാർത്ഥിനിയാണ് ചാന്ദിനി. വിശ്രമിക്കാനുള്ള അവസരം പോലും ലഭിക്കാതെ മത്സരിക്കേണ്ടി വന്നിട്ടും നേട്ടങ്ങൾ കൊയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും ചാന്ദിനി പറഞ്ഞു. നടക്കാനിരിക്കുന്ന 800 മീറ്റർ ഓട്ടത്തിലും ഏറെ പ്രതീക്ഷയുണ്ടെന്നും ചാന്ദിനി കൂട്ടിച്ചേര്‍ത്തു.