കണ്ണൂര്‍:സർക്കാരിന്‍റെ 'സാന്ത്വന സ്‌പർശം' പരാതി പരിഹാര അദാലത്ത് നാളെ തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്ത് നടക്കും. പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ പരാതികള്‍ നാളെ മന്ത്രിമാരുടെ നേതൃത്വത്തിൽ പരിഗണിച്ച് പരിഹാരം കാണും. കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അദാലത്ത് നടക്കുക. രാവിലെ 9 മണി മുതൽ 12 മണിവരെ പയ്യന്നൂർ താലൂക്ക് പരിധിയിലെ പരാതികളും തുടർന്ന് തളിപ്പറമ്പ് താലൂക്കിലെ പരാതിയുമാണ് അദാലത്തിൽ പരിഗണിക്കുക. മന്ത്രിമാരായ കെ.കെ ശൈലജ, ഇപി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ അദാലത്തിൽ പങ്കെടുക്കും. എൻക്വയറി കൗണ്ടർ, സിവിൽ സപ്ലൈ, സോഷ്യൽ ജസ്റ്റിസ് സർവ്വേ, ബാങ്ക് തുടങ്ങി പത്ത് കൗണ്ടറുകളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്.
തളിപ്പറമ്പില്‍ 'സാന്ത്വന സ്‌പർശം' അദാലത്ത് നാളെ നടക്കും - കണ്ണൂര്‍
പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ പരാതികളാണ് നാളെ പരിഗണിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അദാലത്ത്.
രജിസ്ട്രേഷൻ കൗണ്ടറിൽ നിന്നും രജിസ്റ്റർ ചെയ്തിന് ശേഷം ആവശ്യം എന്താണോ അത് കൗണ്ടറുകൾ മുഖാന്തരം പരിഗണിച്ച് പരിഹാരം കാണുകയാണ് ചെയ്യുക. ആവശ്യമെങ്കിൽ മന്ത്രിമാരുടെ അടുത്തേക്ക് പോയി പരാതിക്ക് പരിഹാരം കാണാനും സാധിക്കും. ഓൺലൈൻ മുഖേനെ സമർപ്പിച്ച പരാതികൾ പരിഗണിച്ചതിനു ശേഷം നേരിട്ടുള്ള പരാതികൾ പരിഗണിക്കും. കൂടാതെ നേരത്തെ പരാതി സമർപ്പിച്ചിട്ടുള്ളവർക്കുള്ള മറുപടി എൻക്വയറി കൗണ്ടറിൽ നിന്നും ലഭിക്കും. മറുപടി തൃപ്‌തികരമല്ലെങ്കിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മന്ത്രിമാരെ കാണാനുള്ള സൗകര്യം ഒരുക്കുമെന്നും തളിപ്പറമ്പ് തഹസിൽദാർ മോഹനൻ നൂഞ്ഞാടൻ പറഞ്ഞു. അവസാന അപേക്ഷകന്‍റെ പരാതി കൂടി കേട്ടതിനു ശേഷമേ അദാലത്ത് അവസാനിപ്പിക്കുകയുള്ളുവെന്ന് അധികൃതര്‍ പറഞ്ഞു.