കണ്ണൂര്‍: രാജ്യത്തെ ഭിന്നിപ്പിക്കാനാണ് പൗരത്വ ഭേദഗതി നിയമം പാസാക്കിയതെന്ന് പറയുന്ന വാദം പൊളിയുകയാണെന്നും തമ്മിൽ കണ്ടാൽ മിണ്ടാത്ത രാഷ്ട്രീയ പാർട്ടിക്കാരും മതസംഘടനകളും പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ ഒറ്റക്കെട്ടായെന്നും ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസേഷൻ തളിപ്പറമ്പിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തമ്മിൽ മിണ്ടാത്ത പാർട്ടിക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിലൂടെ ഒറ്റക്കെട്ടായെന്ന് വത്സന്‍ തില്ലങ്കേരി
രാഷ്ട്രീയലാഭത്തിന് വേണ്ടിയുള്ള വാദങ്ങളാണ് രാജ്യത്ത് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതെന്നും ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒന്നിച്ചിരിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ശരിയായി മനസിലാക്കാതെയാണ് പലരും ഇപ്പോഴും പ്രതികരിക്കുന്നത്. 2015 ജനുവരി ഒന്നിന് ശേഷം രാജ്യത്ത് കുടിയേറിയ ആരെയും പൗരത്വ ഭേദഗതി നിയമത്തിൽ പരിഗണിക്കില്ല. രാഷ്ട്രീയലാഭത്തിന് വേണ്ടിയുള്ള വാദങ്ങളാണ് രാജ്യത്ത് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ജില്ലാ പ്രസിഡന്‍റ് കെ.കെ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. മനോജ് മണ്ണേരി, പി.കെ.ജയപ്രകാശ്, സജീവൻ ചാത്തോത്ത് തുടങ്ങിയവർ സംസാരിച്ചു.