ആർപിഎഫ് ഐജി ടിഎം ഈശ്വര റാവു മാധ്യമങ്ങളോട് സംസാരിക്കുന്നു കണ്ണൂർ: കോഴിക്കോട് എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനകത്തുണ്ടായ ആക്രമണം ദൗർഭാഗ്യകരമെന്ന് ആർപിഎഫ് ഐജി ടിഎം ഈശ്വര റാവു. അക്രമം നടന്ന ബോഗികൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുപോലെയുള്ള അക്രമങ്ങൾ തടയാൻ ട്രെയിനുകളിൽ സുരക്ഷ വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഇന്ന് രാവിലെയാണ് ആർപിഎഫ് ഐജി അക്രമം നടന്ന ബോഗികൾ പരിശോധിച്ചത്. എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരെ ഉണ്ടായ അക്രമത്തിൽ മാവോയിസ്റ്റ് - തീവ്രവാദ സംഘടനകളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും ലോഡ്‌ജുകളിലും പൊലീസ് തെരച്ചില്‍ നടത്തി. അക്രമം നടന്ന ട്രെയിനിലെ രണ്ട് ബോഗികളും കണ്ണൂര്‍ റയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയാണ്.
പൊലീസ് സീല്‍ ചെയ്‌ത ബോഗികള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കൈമാറാന്‍ റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് നിന്നെത്തിയ ഫൊറന്‍സിക് സംഘം ബോഗികളില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. സ്റ്റേഷനുകളിലും കംമ്പാർട്ടുമെന്‍റുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കുന്നത് പരിഗണനയിൽ ഉണ്ടെന്നും എല്ലാ സ്റ്റേഷനുകളിലും സ്‌കാനറുകൾ സ്ഥാപിക്കുമെന്നും ആദ്ദേഹം വ്യക്തമാക്കി.
ALSO READ :ട്രെയിനിലെ തീവയ്‌പ്പ് : അന്വേഷണത്തിനായി റെയിൽവേ പൊലീസ് ഉത്തർപ്രദേശിൽ
അന്വേഷണ സംഘത്തിന് എല്ലാ സഹായവും ഉറപ്പാക്കും. ജീവനക്കാരുടെ ക്ഷാമമുണ്ട്. കൂടുതൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പരിഹരിക്കാൻ തീരുമാനമായിട്ടുണ്ടെന്നും പെട്രോളൊഴിച്ച് തീക്കൊടുത്ത ബോഗികൾ കണ്ണൂരിൽ സന്ദർശിച്ച ശേഷം ഐജി പറഞ്ഞു. അതിനിടെ എൻഐഎ സംഘവും അന്വേഷണത്തിനായി കണ്ണൂരിൽ എത്തി. കൂടുതൽ മേഖലകളിലേക്ക് അന്വേഷണം വ്യാപിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.