കണ്ണൂർ:രണ്ട് മാസം മുൻപ് ടാർ ചെയ്‌ത് പണി പൂർത്തിയാക്കിയ കൂനം-കുളത്തൂർ-കണ്ണാടിപ്പാറ റോഡ് തകർന്നു. ആകെയുള്ള 12 കിലോമീറ്ററിൽ 7 കിലോമീറ്ററോളം റോഡിൽ പല സ്ഥലത്തും ടാറും മെറ്റലുമടക്കം ഇളകിയ നിലയിലാണ്. 9 കോടിയിലധികം ചെലവഴിച്ച് നിർമിച്ച റോഡിൽ ഉദ്യോഗസ്ഥർ അടക്കം അനാസ്ഥ കാണിച്ചിട്ടുണ്ടെന്നും വിജിലൻസ് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Also Read:പ്രായമല്ല, ജാനകിയമ്മയുടെ മനസാണ് കൊവിഡിനെ ജയിച്ചത്... അതിജീവനത്തിന്‍റെ കണ്ണൂർ കഥ
കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിലാണ് റോഡുകളിലെ ടാറും മെറ്റലും ഇളകുവാൻ തുടങ്ങിയത്. വാഹനങ്ങൾ ഓടാൻ തുടങ്ങിയതോടെ പല സ്ഥലങ്ങളിലും വിള്ളലുകൾ രൂപപ്പെട്ടു. കുറുമാത്തൂരിൽ നിന്നും കണ്ണാടിപ്പാറ വരെ 12 കിലോമീറ്ററോളമാണ് ടാർ ചെയ്‌തിരുന്നത്. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജനയിൽ തുടങ്ങിയ റോഡ് പണിയിൽ അനാസ്ഥ കാണിച്ച കരാറുകാരൻ പണി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാരുടെ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് മറ്റൊരു കരാറുകാരൻ 2 മാസം മുൻപ് ടാറിങ് പൂർത്തിയാക്കിയത്.
കണ്ണൂരിൽ രണ്ട് മാസം മുൻപ് ടാർ ചെയ്‌ത റോഡ് തകർന്നതായി പരാതി Also Read:വര്‍ക്ക്‌ഷോപ്പിന്‍റെ മറവില്‍ ചാരായം വില്‍പ്പന, ഒരാള്‍ പിടിയില്‍
റോഡിലെ കൽവർട്ടുകളടക്കം നിർമിച്ചതിൽ അനാസ്ഥയുണ്ടെന്നും ഓവ് ചാലുകൾ പോലും പല സ്ഥലങ്ങളിലും നിർമിക്കാതെയാണ് പണി പൂർത്തിയാക്കിയതെന്നും നാട്ടുകാർ ആരോപിച്ചു. ഇനി കാലവർഷം ശക്തമായാൽ റോഡ് പൂർണമായും തകരുമോയെന്ന ഭീതിയിലാണ് നാട്ടുകാർ. റോഡ് പൂർണമായും റീ ടാറിങ് നടത്തി പണി പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.