കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് റീപോളിങ് അവസാനിച്ചു - kasargod

ഏറ്റവും കൂടുതൽ കള്ള വോട്ട് തെളിയിക്കപ്പെട്ട മുസ്ലിം ലീഗിന്‍റെ ഉരുക്കു കോട്ടയായ പാമ്പുരുത്തി 166 ആം ബൂത്തിൽ 82.71 ആണ് പുതിയ പോളിങ് ശതമാനം.

കണ്ണൂർ കാസർകോട് റീ പോളിങ് അവസാനിച്ചു

By

Published : May 19, 2019, 10:09 PM IST

Updated : May 19, 2019, 11:04 PM IST

കണ്ണൂർ: കണ്ണൂർ, കാസർകോട് ലോക്സഭ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ നടന്ന റീ പോളിങ് അവസാനിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ എട്ട് ശതമാനം വരെ കുറവ് പോളിങാണ് രേഖപ്പെടുത്തിയത്. ലീഗ് - സിപിഎം കേന്ദ്രങ്ങളിൽ ഒരുപോലെ വോട്ടിങ് ശതമാനം കുറഞ്ഞപ്പോൾ 12 കള്ളവോട്ട് തെളിഞ്ഞ പാമ്പുരുത്തിയിൽ 0.24 ശതമാനം വോട്ട് മാത്രമാണ് കുറഞ്ഞത്.

രാവിലെ ഏഴ് മണിക്ക് മുമ്പ് തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. ഏറ്റവും കൂടുതൽ കള്ള വോട്ട് തെളിയിക്കപ്പെട്ട മുസ്ലിം ലീഗിന്‍റെ ഉരുക്കു കോട്ടയായ പാമ്പുരുത്തി 166 ആം ബൂത്തിൽ 82.71 ആണ് പോളിങ് ശതമാനം. 23 ന് നടന്ന തെരഞ്ഞെടുപ്പിൽ ഇത് 82.95 ആയിരുന്നു. വെറും 0.24 ശതമാനം വോട്ടിന്‍റെ കുറവാണ് റീ പോളിങില്‍ ഉണ്ടായിരിക്കുന്നത്. വിദേശത്തുള്ള 23 പേരെയാണ് ലീഗ് തെരഞ്ഞെടുപ്പിനായി നാട്ടിലെത്തിച്ചത്. 94 ഓപ്പൺ വോട്ടുകളും പാമ്പുരുത്തിയിൽ രേഖപ്പെടുത്തി. അതേസമയം ലീഗിന് അപ്രമാധിത്യമുള്ള പുതിയങ്ങാടി 70 ആം നമ്പർ ബൂത്തിൽ 8.2 ശതമാനം വോട്ടാണ് റീ പോളിങില്‍. കഴിഞ്ഞ തവണ 79.96 ശതമാനം വോട്ടിങ് നടന്നപ്പോള്‍ 71.76 ശതമാനം മാത്രമാണ് പുതിയ കണക്ക്. ആദ്യ കള്ളവോട്ട് കേസ് രേഖപ്പെടുത്തിയ സിപിഎം ശക്തി കേന്ദ്രമായ ചെറുതാഴം പിലാത്തറ 19 ആം നമ്പർ ബൂത്തിലും വോട്ടിങ് ശതമാനം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ പോളിങിൽ 88.82 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പുതിയ കണക്കിൽ അത് 83.04 ആയി. 5.78 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എൽഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങളായ ധർമ്മടം കുന്നിരിക്കയിലെ 52, 53 ബൂത്തുകളിൽ 88.8 ഉം 85.08 ഉം ആണ് പുതിയ വോട്ടിങ് ശതമാനം. കള്ളവോട്ട് തെളിഞ്ഞ കഴിഞ്ഞ പോളിങിൽ ഇത് 91.32 ഉം 89.05 ഉം ആയിരുന്നു. ലീഗ് കേന്ദ്രമായ പുതിയങ്ങാടി 69-ാം നമ്പര്‍ ബൂത്തില്‍ 77.77 ആണ് പുതിയ വോട്ടിങ് ശതമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇത് 80.08 ശതമാനം ആയിരുന്നു.

എൽഡിഎഫ് ശക്തികേന്ദ്രമായ കാസർകോട് ചീമേനി കൂളിയാട് 48 ആം നമ്പർ ബൂത്തിൽ 84.37 ശതമാനം വോട്ടാണ് നിലവിൽ പോൾ ചെയ്തത്. 88.09 ആയിരുന്നു അസാധുവാക്കപ്പെട്ട തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം. കള്ളവോട്ടിൽ നിന്ന് മുഖം രക്ഷിക്കാൻ ഇരുമുന്നണികളും മുഴുവൻ വോട്ടർമാരേയും ബൂത്തുകളിലേക്ക് എത്തിക്കാൻ കഠിന ശ്രമമാണ് നടത്തിയത്. വീണ്ടുമൊരു കള്ളവോട്ട് ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികളോടെയാണ് റീ പോളിങ് നടന്നത്. കനത്ത പൊലീസ് കാവലിൽ ഓരോ വോട്ടറേയും പ്രത്യേകം പരിശോധിച്ച ശേഷമാണ് പോളിങ് സെന്‍ററിലേക്ക് അയച്ചത്. ഒറ്റപ്പെട്ട ചില വാക്കേറ്റങ്ങളും പരാതികളും ഒഴിവാക്കിയാൽ റീ പോളിങ് ശാന്തമായിരുന്നു.

കണ്ണൂർ, കാസർകോട് ലോക്സഭ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ നടന്ന റീ പോളിങ് അവസാനിച്ചു.
Last Updated : May 19, 2019, 11:04 PM IST

ABOUT THE AUTHOR

...view details