കണ്ണൂർ : കണ്ണൂർ സർവകലാശാല വി.സി നിയമനം അംഗീകരിച്ച ഹൈക്കോടതി വിധി സർക്കാർ നടപടിക്കുള്ള അംഗീകാരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. സർവകലാശാലകളുടെ മികവാർന്ന പ്രവർത്തനമാണ് സർക്കാരിൻ്റെ ലക്ഷ്യം. ഇതിനെ തുരങ്കംവയ്ക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.
സർവകലാശാലകളിൽ രാഷ്ട്രീയ നേതാക്കളെ വി.സിമാരാക്കിയ ചരിത്രമാണ് യു.ഡി.എഫിനുള്ളത്. എന്നാൽ ഇടത് സർക്കാരിൻ്റെ നിലപാട് ഇതല്ല. അക്കാദമിക് നിലവാരമുള്ളവർ വി.സിമാരാകണം എന്നതാണ് സർക്കാർ നിലപാട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വി.സിക്ക് പുനർനിയമനം നൽകിയത്. എന്നാൽ ഇതിനെ രാഷ്ട്രീയ നേട്ടത്തിനായി മറ്റൊരു രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത്.
കണ്ണൂർ വിസി നിയമനം : ഹൈക്കോടതി വിധി സർക്കാർ നടപടിക്കുള്ള അംഗീകാരമെന്ന് ആർ ബിന്ദു സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവൽക്കരിക്കുന്നു എന്നത് വസ്തുതാവിരുദ്ധമാണ്. ഇത്തരം പ്രചരണം ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്ന് തിരിച്ചറിയണം. യു.ഡി.എഫ് അവരുടെ കണ്ണട വച്ച് എല്ലാം നോക്കി കാണുന്നു. ഇത് ശരിയല്ലെന്ന് പൊതുസമൂഹത്തിന് മനസിലാകും.
ALSO READ:അടിയന്തര പ്രമേയം 'ക്രമസമാധാന പ്രശ്നമായി': സഭ ഇന്നും ബഹിഷ്കരിച്ച് പ്രതിപക്ഷം
കണ്ണൂർ വി.സി നിയമനം മൂന്നുതവണ കോടതി അംഗീകരിച്ചതാണ്. ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ അപ്പീൽ പോയാലും മറ്റൊരു അഭിപ്രായം ഉണ്ടാകാൻ സാധ്യതയില്ല. ആർക്കും സുപ്രീംകോടതിയെ സമീപിക്കാം. ഈ വിഷയം ഉന്നയിച്ച് വ്യക്തിപരമായി തനിക്കെതിരെ നടത്തിയ അധിക്ഷേപങ്ങളും ആക്രമണങ്ങളും ഇനിയെങ്കിലും പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.