കണ്ണൂർ: പ്രളയവും പ്രകൃതിദുരന്തങ്ങളും കൊണ്ട് മലയാളി ഒന്നും പഠിച്ചിട്ടില്ല. കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ പെരുവട്ടത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി ഒരു നാടിനെ തന്നെ നശിപ്പിക്കുന്ന സ്ഥിതിയാണ്. ചെങ്കുത്തായ പെരുവട്ടം മലയിലാണ് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ക്വാറി പ്രവര്‍ത്തിക്കുന്നത്. മലയുടെ ഒരു ഭാഗം ഇപ്പോൾ തന്നെ തുരന്നെടുത്ത് കഴിഞ്ഞു.
നാടിന് ഭീഷണിയായി കരിങ്കൽ ക്വാറി; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍
ക്വാറിയിൽ നിന്നുള്ള ഉഗ്ര സ്ഫോടനങ്ങൾ നിരവധി വീടുകൾക്ക് അപകട ഭീഷണി ഉയർത്തുന്നു.
തിരുമേനി വില്ലേജിൽ ഭൂമിക്കടിയിൽ പൈലിങ് പ്രതിഭാസം ഉള്ളതിനാൽ യാതൊരുവിധ പ്രവർത്തനവും നടത്താൻ പാടില്ലെന്ന ഉത്തരവ് നിലനിൽക്കുമ്പോഴാണ് അധികൃതരുടെ ഒത്താശയോടെ ഇത്തരം പ്രവർത്തനങ്ങളെന്ന ആരോപണം ശക്തമാണ്. ക്വാറിയിലെ ഉഗ്ര സ്ഫോടനങ്ങൾ നിരവധി വീടുകൾക്ക് അപകട ഭീഷണി ഉയർത്തുന്നു. ക്വാറിയുടെ സൗകര്യത്തിന് വ്യാപകമായ തോതിൽ മണ്ണിടിക്കുന്നത് മൂലം ഒരു മഴ പെയ്‌താൽ മണ്ണ് അടിവാരത്തേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയാണ്. പ്രസിദ്ധമായ കാവേരി കുരുക്ഷേത്രം അടക്കമുള്ള പ്രദേശങ്ങളും ഭീഷണിയിലാണ്. ക്വാറിയുടെ പ്രവർത്തനം മൂലം പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്. പൊടി ശല്യം മൂലം പ്രദേശവാസികള്‍ക്ക് ശ്വാസ സംബന്ധമായ അസുഖങ്ങളും വര്‍ധിക്കുകയാണ്.