കണ്ണൂര്‍: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്‍റെ നിയമനത്തിൽ യൂണിവേഴ്‌സിറ്റി ഗ്രാന്‍റ് കമ്മിഷന്‍റെ (യുജിസി) സത്യവാങ്മൂലം ഹൈക്കോടതിയിൽ. പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്നും ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും യുജിസി രേഖാമൂലം കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അനധികൃത നിയമനം നൽകിയെന്നാരോപിച്ച് റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരൻ ജോസഫ് സ്‌കറിയ നൽകിയ ഹർജിയിലാണ് യുജിസിയുടെ സത്യവാങ്മൂലം.
വീണ്ടും പറയുന്നു 'മതിയായ യോഗ്യതയില്ല'; പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ സത്യവാങ്മൂലവുമായി യുജിസി ഹൈക്കോടതിയിൽ - മുഖ്യമന്ത്രി
കണ്ണൂർ സർവകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്‍റെ നിയമനത്തിൽ മതിയായ യോഗ്യതയില്ലെന്നും ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്‍റ് കമ്മിഷന്‍.
അതേസമയം നിയമനം മതിയായ യോഗ്യതയില്ലാതെയാണെന്ന് നേരത്തെ തന്നെ യുജിസി വാക്കാൽ കോടതിയെ അറിയിച്ചിരുന്നുവെങ്കിലും കോടതി നിർദേശിച്ച പ്രകാരമാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ സത്യവാങ്മൂലമായി സമർപ്പിച്ചത്. ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാകില്ല. അതുകൊണ്ടുതന്നെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനു വേണ്ട എട്ട് വർഷത്തെ അധ്യാപന പരിചയം പ്രിയ വർഗീസിനില്ല. കൂടാതെ സ്‌റ്റുഡന്‍റ് സർവിസ് ഡയറക്‌ടർ പദവി അനധ്യാപക വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്നും ഈ സാഹചര്യത്തിൽ ഡയറക്‌ടറായിരുന്ന കാലയളവും പരിഗണിക്കാനാകില്ലെന്നുമാണ് യുജിസിയുടെ നിലപാട്.
ഇതേത്തുടര്‍ന്ന് പ്രിയ വർഗീസിന്‍റെ നിയമനത്തിനുള്ള സ്‌റ്റേ കോടതി ഒക്‌ടോബർ 20 വരെ നീട്ടി. മാത്രമല്ല പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുന:ക്രമീകരിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജിക്കാരൻ നല്‍കിയ ഹര്‍ജി അടുത്ത മാസം 20 ന് വീണ്ടും പരിഗണിക്കും. യുജിസി മാനദണ്ഡങ്ങൾ മറികടന്നാണ് നിയമനമെന്നും റിസർച്ച് സ്കോറിൽ ഏറെ പിന്നിലായിരുന്ന പ്രിയ വർഗീസിനെ അഭിമുഖത്തിൽ കൂടുതൽ മാർക്ക് നൽകി ഒന്നാം റാങ്കിലെത്തിക്കുകയായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ ഹർജിയിൽ ഉന്നയിച്ചിരുന്നു.