കണ്ണൂർ: അനധികൃത പാർക്കിംഗ് തടയാൻ മെയിൻ റോഡ് മാതൃക തളിപ്പറമ്പ് നഗരത്തിലാകെ വ്യാപിപ്പിക്കാനൊരുങ്ങി തളിപ്പറമ്പ് പൊലീസ്. കഴിഞ്ഞ ദിവസം മുതൽ മെയിൻ റോഡിൽ നടപ്പിലാക്കിയ പുതിയ ഗതാഗത പരിഷ്കരണം വിജയകരമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ തീരുമാനം. തളിപ്പറമ്പിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിരവധി പരാതികൾ ഉയർന്നിരുന്നു. അനധികൃത പാർക്കിംഗിന് സ്ഥായിയായ പരിഹാരമൊരുക്കുക എന്ന ലക്ഷ്യത്തോടെ വ്യാപാരികളും പൊലീസും യോഗം ചേർന്ന് മെയിൻ റോഡിൽ കഴിഞ്ഞ ദിവസം മുതൽ ഗതാഗത പരിഷ്കാരവും നടപ്പിലാക്കി തുടങ്ങി.
അനധികൃത പാർക്കിംഗിന് തടയിടൽ; ഗതാഗത പരിഷ്കരണം തളിപ്പറമ്പ് നഗരത്തിലാകെ വ്യാപിപ്പിക്കും
അനധികൃത പാർക്കിംഗ് തടയുക എന്ന ലക്ഷ്യത്തോടെ വ്യാപാരികളും പൊലീസും യോഗം ചേർന്ന് മെയിൻ റോഡിൽ കഴിഞ്ഞ ദിവസം മുതൽ ഗതാഗത പരിഷ്കാരം നടപ്പിലാക്കിയിരുന്നു
പുതിയ പരിഷ്കാരങ്ങലുടെ ഭാഗമായി വ്യാപാരികളുടെ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നത് നിർത്തി. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ട്രാക്കുകൾ തയ്യാറാക്കി. ബൈക്കുകൾക്കും കാറുകൾക്കും ബസ് ബെയും വെവ്വേറെ പാർക്കിംഗ് ഏരിയയുമൊരുക്കി. ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്ന കാര്യം തീരുമാനിച്ചതെന്ന് തളിപ്പറമ്പ് ട്രാഫിക് എസ്.ഐ എം.രഘുനാഥ് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ഗതാഗത പരിഷ്‌കരണം നടപ്പിലാക്കി സംസ്ഥാനത്തിന് തന്നെ മാതൃകയായിരുന്നു തളിപ്പറമ്പ്. ഇടക്കാലത്ത് നഷ്ടപ്പെട്ട ആ പെരുമ പൊലീസിന്‍റെയും വ്യാപാരികളുടെയും ഇടപെടലോടെ തളിപ്പറമ്പ് വീണ്ടെടുക്കുകയാണ്.