കണ്ണൂർ :രാജ്യത്ത് ഒരു വിവേചനവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ പറയുന്നതിന് പകരം, മണിപ്പൂരിലെ ക്രിസ്ത്യാനികളെ അത് ബോധ്യപ്പെടുത്തണമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഏത് കാര്യത്തിൽ പ്രതികരിക്കണമെന്ന് തീരുമാനിക്കാൻ പ്രധാനമന്ത്രിക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ പ്രതികരണത്തിനപ്പുറം സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷം സൃഷ്‌ടിക്കണമെന്നും പാംപ്ലാനി പറഞ്ഞു.
ഇന്ത്യയിൽ ഒരു വിവേചനവുമില്ലെന്നാണ് അമേരിക്കൻ സന്ദർശന വേളയിൽ അദ്ദേഹം പറഞ്ഞത്. എന്നാൽ അത് വടക്കുകിഴക്കൻ സംസ്ഥാനത്തെ ക്രിസ്ത്യാനികളെ ബോധ്യപ്പെടുത്തണം. അതിന് മോദിക്ക് കഴിയുമെങ്കിൽ, അദ്ദേഹത്തിന്‍റെ പ്രസ്‌താവന മാത്രമേ ഇന്ത്യയിലെ ജനങ്ങൾ സത്യസന്ധത നിറഞ്ഞതും ആത്മാർഥതയുള്ളതുമായി കാണൂ. അല്ലാത്തപക്ഷം, ആ സംസ്ഥാനത്ത് അക്രമങ്ങളിലും കൊലപാതകങ്ങളിലും ഏർപ്പെടുന്നവർക്ക് സർക്കാരിന്‍റെ നിശബ്‌ദ അംഗീകാരമുണ്ടെന്ന് കരുതുന്നതിൽ ആരെയും കുറ്റപ്പെടുത്താനാവില്ലെന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.
'അമേരിക്കൻ സന്ദർശന വേളയിൽ, ഇന്ത്യയിൽ ഒരു വിവേചനവുമില്ലെന്ന് മോദി പറഞ്ഞു. അത് സത്യമാകണമെന്ന് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്‍റെ ആ പ്രസ്‌താവന സത്യസന്ധമാണെങ്കിൽ, മണിപ്പൂരിലെ ക്രിസ്ത്യാനികളെ അദ്ദേഹം അത് വിശ്വസിപ്പിക്കണം. അവരുടെ മുഖത്ത് നോക്കി പറയണം. വിവേചനമില്ലെന്ന്. അത് അവരെ വിശ്വസിപ്പിക്കാൻ കഴിയുമെങ്കിൽ, അദ്ദേഹത്തിന്‍റെ പ്രസ്‌താവന സത്യസന്ധവും ആത്മാർഥവുമായി ഇന്ത്യയിലെ ജനങ്ങൾ കാണും'- ബിഷപ്പ് പറഞ്ഞു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനും അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിനും സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മോദി ഇന്ത്യയിൽ വിവേചനമില്ലെന്ന് പറഞ്ഞത്. തന്‍റെ സർക്കാർ ജനാധിപത്യത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളിൽ രൂപീകരിച്ച ഭരണഘടനയെ പിന്തുടരുന്നതിനാൽ ഇന്ത്യയിൽ ജാതിയുടെയും മതത്തിന്‍റെയും പേരിൽ വിവേചനമില്ലെന്ന് യുഎസ് സന്ദർശന വേളയിൽ മോദി തറപ്പിച്ച് പറഞ്ഞിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്‌താവന.