കണ്ണൂർ:പിണറായിയുടെ ക്യാബിനറ്റിൽ കണ്ണൂരിൽ നിന്ന് എത്ര പേരുണ്ടാകുമെന്ന ആകാംക്ഷയിലാണ് പാർട്ടി പ്രവർത്തകർ. മന്ത്രിസഭയിലെ രണ്ടാമനായി എം.വി. ഗോവിന്ദൻ എത്തുമെന്നാണ് സൂചന. ശൈലജ ടീച്ചർ തന്നെ ആരോഗ്യ മന്ത്രി ആയേക്കും. കഴിഞ്ഞ തവണ മുഖ്യമന്ത്രിയെ കൂടാതെ നാല് മന്ത്രിമാരാണ് കണ്ണൂർ ജില്ലയിൽ നിന്നും ഉണ്ടായിരുന്നത്. ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരായിരുന്നു ഒന്നാം പിണറായി സർക്കാരിലെ കണ്ണൂരിൽ നിന്നുള്ള മന്ത്രിമാർ. ഇവരിൽ മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി. ജയരാജൻ ഇത്തവണ മത്സരിച്ചിരുന്നില്ല. ബാക്കി മൂന്ന് പേരും മത്സരിക്കുകയും വിജയിക്കുകയും ചെയ്‌തിട്ടുണ്ട്.
കൂടുതൽ വായനയ്ക്ക്:മന്ത്രിസഭയിലും തലമുറ മാറ്റത്തിന് സിപിഎം
രണ്ടാം പിണറായി സർക്കാരിൽ ശൈലജ ടീച്ചർ മന്ത്രിയാകുമെന്നാണ് പ്രതീക്ഷ. ഒരു സീറ്റ് മാത്രമുള്ള ഘടക കക്ഷികളെ മന്ത്രി സഭയിലേക്ക് പരിഗണിക്കേണ്ടതില്ല എന്നായിരുന്നു കഴിഞ്ഞ തവണ എൽഎഡിഎഫ് തീരുമാനിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രത്യേക താൽപര്യ പ്രകാരമായിരുന്നു കടന്നപ്പള്ളിയെ പരിഗണിച്ചിരുന്നത്. എന്നാൽ ഇത്തവണ ആ പരിഗണന കടന്നപ്പള്ളിയ്ക്ക് കിട്ടാൻ സാധ്യത ഇല്ലെന്നാണ് സൂചന. ഇ.പി. ജയരാജന്‍റെ ഒഴിവിലേക്ക് തളിപ്പറമ്പിൽ നിന്ന് വിജയിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എം.വി. ഗോവിന്ദൻ എത്തിയേക്കും.