കേരളം

kerala

By

Published : Nov 7, 2019, 2:38 PM IST

Updated : Nov 7, 2019, 4:17 PM IST

ETV Bharat / state

ധർമ്മടം തീരത്ത് കപ്പൽ പൊളിക്കൽ തടഞ്ഞ് നാട്ടുകാർ

മാലിദ്വീപിൽ നിന്നും പൊളിക്കാനായി കൊണ്ടുവരികയായിരുന്ന ഒയ്-വാലി എന്ന ചെറുകപ്പലാണ് കഴിഞ്ഞ മൂന്ന് മാസക്കാലമായി ധർമ്മടം തീരത്ത് നങ്കൂരമിട്ടിരിക്കുന്നത്.

ധർമ്മടം

കണ്ണൂർ: ധർമ്മടം ബീച്ചിലേക്ക് നിയന്ത്രണം വിട്ടെത്തിയ ചെറുകപ്പൽ തീരത്ത് വെച്ച് പൊളിക്കാനുള്ള നീക്കം തടഞ്ഞ് നാട്ടുകാർ. കപ്പൽ പൊളിക്കുമ്പോൾ പുറത്ത് വിടുന്ന രാസമാലിന്യങ്ങൾ വലിയ പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതോടെയാണ് കപ്പൽ പൊളിക്കുന്നതിന് ജനങ്ങൾ തടയിട്ടത്.

ധർമ്മടം തീരത്ത് കപ്പൽ പൊളിക്കൽ തടഞ്ഞ് നാട്ടുകാർ

കഴിഞ്ഞ പ്രളയകാലത്തെ കടൽക്ഷോഭത്തിലാണ് കപ്പൽ ധർമ്മടം തീരത്തെത്തിയത്. മാലിദ്വീപിൽ നിന്നും കണ്ണൂർ അഴീക്കലിലേക്ക് പൊളിക്കാനായി കൊണ്ടുവരികയായിരുന്നു ഒയ്-വാലി എന്ന ചെറുകപ്പലാണ് കഴിഞ്ഞ മൂന്ന് മാസക്കാലമായി തീരത്ത് നങ്കൂരമിട്ടത്. മറ്റൊരു കപ്പലിൽ വഹിച്ചുകൊണ്ടുവരികെയായിരുന്ന ഒയ്-വാലിയുടെ റോപ്പ് പൊട്ടിയാണ് നിയന്ത്രണം വിട്ടത്. കോസ്റ്റൽ ഗാർഡും ധർമ്മടം പൊലീസും സ്ഥലത്തെത്തി കരയ്ക്കടിപ്പിച്ച കപ്പൽ ഇതുവരെയും തിരികെ കൊണ്ടുപോകാൻ ആരും തയ്യാറായില്ല. അതിനിടെയാണ് തീരദേശജനതയുടെ എതിർപ്പുകളെ അവഗണിച്ച് തീരത്ത് തന്നെ കപ്പൽ പൊളിക്കാനുള്ള നീക്കം നടന്നത്. കഴിഞ്ഞ മാസം കപ്പൽ പൊളിക്കാൻ ശ്രമം നടത്തിയപ്പോൾ നാട്ടുകാർ തടഞ്ഞിരുന്നു. എന്നാൽ കപ്പൽ പൊളിക്കുന്നതിന്‍റെ ആദ്യ ഘട്ടം ആരംഭിച്ചു കഴിഞ്ഞു. ഗ്യാസ് കട്ടർ ഉപയോഗിച്ച് ടോർച്‌ കട്ടിങ് നടത്തി രാസമാലിന്യങ്ങൾ കടലിൽ ഒഴുക്കാൻ തുടങ്ങിയിരിക്കുകയാണ്. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന ബെല്ലാസ്റ്റ് വാട്ടർ, ഡിൽജ് വാട്ടർ എന്നിവയാണ് കപ്പലിൽ നിന്ന് പുറത്ത് വിട്ടത്. ഇതോടെ നാട്ടുകാർ കപ്പൽ പൊളി വിരുദ്ധ സമര സമിതി രൂപീകരിക്കുകയായിരുന്നു.

കേരളത്തിന്‍റെ പാരിസ്ഥിതിക ചുറ്റുപാട് കപ്പൽ പൊളിക്കലിന് അനുയോജ്യമല്ലെന്നാണ് പഠനം നടത്തിയവർ വ്യക്തമാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ജനകീയ സമരത്തെ തുടർന്ന് പല തവണ സ്റ്റോപ്പ് മെമ്മോ കിട്ടിയിട്ടും അധികൃതരുടെ കണ്ണ് വെട്ടിച്ചാണ് കണ്ണൂർ അഴീക്കലിൽ കപ്പൽ പൊളിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം തന്നെയെയാണ് ധർമ്മടത്ത് താമസമാക്കി കപ്പൽ പൊളിക്കാനുള്ള നീക്കം നടത്തുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

Last Updated : Nov 7, 2019, 4:17 PM IST

ABOUT THE AUTHOR

...view details